ആ പാപത്തിൽ ഇനി കോണ്‍ഗ്രസിനു ‘കൈ’ ഇല്ല
Tuesday, August 26, 2025 1:50 AM IST
സാബു ജോണ്‍
തിരുവനന്തപുരം: ഒടുവിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം രക്ഷപ്പെട്ടു. പാർട്ടി അംഗത്വം നഷ്ടമായി. രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവനേതാവ് അങ്ങനെ തത്കാലത്തേക്കെങ്കിലും കോണ്ഗ്രസുകാരനല്ലാതായി. ഇനി രാഹുലിന്റെ പാപങ്ങളിൽ കോണ്‍ഗ്രസിനു പങ്കില്ലെന്നു ചുരുക്കം. രാഹുലിനെ രക്ഷിക്കാൻ രാഹുൽ മാത്രം.
ഉപതെരഞ്ഞെടുപ്പുഭീതിയിൽ
രാഹുൽ രാജിവച്ചൊഴിയണമെന്ന പക്ഷക്കാരായിരുന്നു കോണ്‍ഗ്രസിലെ ഒട്ടുമിക്ക മുതിർന്ന നേതാക്കളും. മിക്കവരും പരസ്യമായിത്തന്നെ നിലപാടു വ്യക്തമാക്കി. പാർട്ടിയിലെ വനിതാ നേതാക്കളും രാഹുലിന്റെ എംഎൽഎ സ്ഥാനം തെറിപ്പിക്കണമെന്ന കടുത്ത നിലപാടിലായിരുന്നു. എന്നിട്ടും രാഹുലിനെ സസ്പെൻഡ് ചെയ്യുന്നതിലൊതുക്കി നടപടി.
രാഹുൽ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമല്ലെന്ന് പാർട്ടി നിയമസഭാ സ്പീക്കറെ അറിയിക്കും. അതോടെ രാഹുൽ കോണ്‍ഗ്രസ് പാർട്ടിയുടെയോ യുഡിഎഫിന്റെയോ ഭാഗമല്ലാതാകും. അടുത്ത മാസം 15ന് ആരംഭിക്കാനിടയുള്ള നിയമസഭാ സമ്മേളനത്തിൽനിന്ന് രാഹുൽ അവധിയെടുത്തു മാറി നിൽക്കുമെന്നു സംസാരമുണ്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം അറിവായിട്ടില്ല.
ഞായറാഴ്ചയോടെയാണ് എംഎൽഎ സ്ഥാനം രാജിവയ്പിക്കേണ്ട എന്ന നിലപാടിലേക്കു പാർട്ടി മാറിയത്. നിയമസഭയുടെ കാലാവധി ഒരു വർഷത്തിൽ താഴെ മാത്രമേ ഉള്ളൂഎങ്കിലും ഉപതെരഞ്ഞെടുപ്പു നടത്താൻ തീരുമാനിച്ചാൽ കോണ്‍ഗ്രസിനു തിരിച്ചടിയാകും എന്ന ആശങ്കയാണ് രാഹുലിന്റെ എംഎൽഎ സ്ഥാനം ഉറപ്പിച്ചത്.
ഇപ്പോഴത്തെ നിലയിൽ പാലക്കാട്ട് ഉപതെരഞ്ഞെടുപ്പു നടന്നാൽ കോണ്‍ഗ്രസിനു ബുദ്ധിമുട്ടായിരിക്കും. അവിടെ ഗുണമുണ്ടാകാൻ പോകുന്നത് ബിജെപിക്ക് ആയിരിക്കും. അങ്ങനെ ഒരു സാഹചര്യം വന്നാൽ കേന്ദ്രസർക്കാർ ഉപതെരഞ്ഞെടുപ്പ് നടത്തിക്കുന്നതിനെ അനുകൂലിക്കുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടി. അതോടെയാണ് സസ്പെൻഷൻ എന്ന ആശയത്തിലേക്കു മാറിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ നേതാക്കളെല്ലാം കടുത്ത നടപടി വേണമെന്ന പക്ഷക്കാരായിരുന്നു. അതേസമയം, കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ കടുത്ത നടപടിക്ക് അനുകൂലമായിരുന്നില്ല. രാഹുലിനെ പാലക്കാട്ട് സ്ഥാനാർഥിയാക്കിയതും ഷാഫിയുടെ കടുംപിടുത്തത്തിൽ ആയിരുന്നു. അതിന്റെ പേരിൽ ഷാഫി പാർട്ടിക്കുള്ളിൽ വിമർശനത്തിനു വിധേയനാകുന്നുമുണ്ട്.
ഇനിയെന്ത്?
കോണ്‍ഗ്രസിൽ രാഹുലിന്റെ ഭാവി എന്ത് എന്ന വിഷയത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. വിവാദങ്ങൾ കെട്ടടങ്ങുന്നതോടെ രാഹുലിന്റെ സസ്പെൻഷൻ പിൻവലിച്ച് പാർട്ടിയിൽ തിരികെ കയറുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്ന് ഒരു വിഭാഗം കരുതുന്നു.
രാഹുലിനേക്കാൾ ഗുരുതരമായ ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയവർ നിയമസഭയിൽ ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇപ്പോൾ ഇരിപ്പുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ ഒരു പരാതിയോ കുറ്റപത്രമോ പോലും ഇല്ലാത്തയാൾക്കെതിരേ ഇത്രവലിയ ശിക്ഷ പാടില്ലെന്നാണ് ഇവരുടെ വാദം.
എന്നാൽ, സസ്പെൻഷൻ ആദ്യഘട്ട നടപടി മാത്രമാണെന്നും സസ്പെൻഷൻ കാലാവധിക്കു ശേഷം എംഎൽഎ സ്ഥാനത്തു നിന്നു രാജിവയ്പിക്കുമെന്നും ഒരു വിഭാഗം ഇപ്പോഴും പറയുന്നു. സസ്പെൻഷൻ കാലയളവ് പൂർത്തിയായിക്കഴിയുന്പോൾ എംഎൽഎ സ്ഥാനം ഒഴിഞ്ഞാൽ ഉപതെരഞ്ഞെടുപ്പു നടത്താനാകില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
ഇനിയും പരാതികൾ വരുമോ, പരാതിക്കാർ നിയമപരമായ മാർഗങ്ങൾ തേടുമോ എന്നതുൾപ്പെടെ പല ഘടകങ്ങളെ ആശ്രയിച്ചായിരിക്കും രാഹുലിന്റെ ഭാവി.
എല്ലാം കെട്ടടങ്ങുമെന്ന്
രാഹുലിനെതിരായ ആക്ഷേപങ്ങൾ ‘ലോകചരിത്രത്തിൽ തന്നെ അപൂർവം’ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിശേഷിപ്പിച്ചത്. രാഹുലിന് എംഎൽഎ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന ഭീഷണിയും ഗോവിന്ദൻ മുഴക്കിയിട്ടുണ്ട്. രാഹുലിനെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്നാണു ബിജെപിയും പ്രഖ്യാപിച്ചിട്ടുള്ളത്.
വി.ഡി. സതീശനെയും ഷാഫി പറന്പിലിനെയും കൂടി രാഹുലിനൊപ്പം കൂട്ടിക്കെട്ടി കോണ്‍ഗ്രസിനെതിരായ കടന്നാക്രമണത്തിനാണ് ഇടതുപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. മുകേഷിനും കടകംപള്ളി സുരേന്ദ്രനും മറ്റു സിപിഎം നേതാക്കൾക്കുമെതിരായ ആരോപണങ്ങൾ വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങൾ ഇതിനു മറുപടി നൽകുന്നത്.
സമൂഹമാധ്യമങ്ങളിൽ പഴയ പല ശബ്ദരേഖകളും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇതിന്റെ പേരിൽ വലിയ പ്രതിഷേധം ഉയർത്തി വിഷയം കത്തിച്ചുനിർത്തി പഴയ കഥകൾ ഒരിക്കൽകൂടി സജീവമാക്കാൻ ഭരണപക്ഷവും തയാറാകുമോ എന്നു കണ്ടറിയണം. ഈ വിവാദത്തിന്റെ ആയുസ് അടുത്ത വിവാദം വരുംവരെ എന്നു കരുതുന്നവരുമുണ്ട്.
ഇതിനിടെ, രാഹുലിനെതിരേ പരസ്യനിലപാടെടുത്ത മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് അരങ്ങേറുന്നത്. ഇതിനു പിന്നിൽ ഷാഫിയുടെയും രാഹുലിന്റെയും ടീം ആണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വിഷയം കത്തിക്കാൻ പ്രച്ഛന്ന വേഷക്കാരായ സിപിഎമ്മുകാരും കളത്തിലുണ്ടെന്നു പറയപ്പെടുന്നു.
നഷ്ടം രാഹുലിനുതന്നെ
രാഹുലിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തുകൊണ്ട് കോണ്‍ഗ്രസ് സമാനതകളില്ലാത്ത ധാർമികത ഉയർത്തിപ്പിടിച്ചു എന്നാണ് വി.ഡി. സതീശൻ പറഞ്ഞത്. വരുംദിനങ്ങളിൽ കോണ്‍ഗ്രസിന്റെ പ്രതിരോധം ഇതുതന്നെയായിരിക്കും.
അതേസമയം രാഹുലിന്റെ നീക്കങ്ങൾ കാത്തിരുന്നു കാണണം. ഇതുവരെയുണ്ടായ സംഭവവികാസങ്ങൾ രാഹുലിന്റെ രാഷ്ട്രീയഭാവിക്ക മേൽ കരിനിഴൽ വീഴ്ത്തി എന്നതു സത്യമാണ്. രാഷ്ട്രീയഭാവി ഇരുളടഞ്ഞു എന്നു തന്നെ പറയാം. എന്നാൽ, കേരളരാഷ്്ട്രീയത്തിൽ ലൈംഗികാധിക്ഷേപം കേൾക്കുന്ന ആദ്യ നേതാവോ ജനപ്രതിനിധിയോ അല്ല രാഹുൽ മാങ്കൂട്ടത്തിൽ. ഇതിനേക്കാൾ വളരെയേറെ ഗൗരവമുള്ള ആക്ഷേപങ്ങളിൽ ഒട്ടനവധി നേതാക്കൾ പെട്ടിട്ടുണ്ട്. ഇവരിൽ അത്യപൂർവം പേർ മാത്രമാണ് രാഷ്ട്രീയത്തിൽനിന്ന് അപ്പാടെ പുറത്തായത്.
ഭൂരിപക്ഷം പേരും ആക്ഷേപങ്ങളെ അതിജീവിച്ച് കൂടുതൽ കരുത്തരായി വരുന്നതാണ് കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ രാഹുലിനെയും എഴുതിത്തള്ളാൻ സമയമായിട്ടില്ല, അതാണു രാഷ്്ട്രീയം.