നരേന്ദ്ര മോദിയുടെ ബിരുദ വിവരങ്ങൾ പുറത്തു വിടേണ്ട; വിവരാവകാശ കമ്മീഷൻ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
Tuesday, August 26, 2025 1:51 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.
വിവരാവകാശ നിയമപ്രകാരം അപേക്ഷകന് മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാൻ ഡൽഹി സർവകലാശാലയോട് 2017ൽ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഇതു ചോദ്യം ചെയ്ത് സർവകലാശാല സമർപ്പിച്ച അപ്പീലിലാണു കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സച്ചിൻ ദത്ത റദ്ദാക്കിയത്.
1978ൽ ഗുജറാത്ത് സർവകലാശാലയിൽനിന്ന് ബിരുദവും 1983ൽ ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയെന്നാണു മോദിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിലുള്ളത്.
മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു നീരജ് ശർമ എന്ന വിവരാവകാശ പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷ ഡൽഹി സർവകലാശാല തള്ളിയതിനെത്തുടർന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണർക്ക് അപ്പീൽ നൽകി. തുടർന്ന് വിവരം പുറത്തുവിടാൻ കമ്മീഷണർ ഉത്തരവിട്ടു.
ഡൽഹി സർവകലാശാല വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്നും ഇതുവരെ നൽകിയ ബിരുദത്തിന്റെ വിവരങ്ങൾ സ്വകാര്യ വിവരങ്ങളല്ലെന്നും വിവരാവകാശ നിയമപ്രകാരം നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്നുമാണ് എതിർ ഹർജിക്കാർ കോടതിയിൽ ആവശ്യപ്പെട്ടത്.