മന്ത്രിമാരെ പുറത്താക്കുന്നതിനുള്ള; ഭരണഘടനാ ഭേദഗതി ബില്ലുമായി മുന്നോട്ടെന്ന് അമിത് ഷാ
Tuesday, August 26, 2025 1:51 AM IST
ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ ഒരു മാസം കസ്റ്റഡിയിലായാൽ പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബില്ലുമായി മുന്നോട്ടുതന്നെയെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
പാർലമെന്റ് ഈ ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ബിൽ പാസാകുമെന്ന് ഉറപ്പുണ്ട്. പ്രതിപക്ഷത്തും ഭരണപക്ഷത്തും ധാർമികതയെ പിന്തുണയ്ക്കുന്നവരും ധാർമിക അടിത്തറ നിലനിർത്തുകയും ചെയ്യുന്ന പാർലമെന്റംഗങ്ങൾ ഉണ്ടെന്നു കരുതുന്നതായും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
നേതാക്കളെ സംരക്ഷിക്കുന്നതിനു മാത്രമാണ് പ്രതിപക്ഷം ബില്ലിനെ എതിർക്കുന്നത്. മന്ത്രിമാർ ജയിലിലായാൽ അത് അവരുടെ ഭവനമാക്കി മാറ്റും. ഉദ്യോഗസ്ഥർ ജയിലിലെത്തി ഉത്തരവുകൾ ഒപ്പുവയ്പ്പിക്കും - അമിത് ഷാ പറഞ്ഞു.
പ്രതിപക്ഷ എതിർപ്പിനെത്തുടർന്ന് കൂടുതൽ പരിശോധനയ്ക്കായി ബില്ലുകൾ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. എന്നാൽ വിവാദബിൽ പരിശോധിക്കാൻ 31 അംഗ സമിതിയിലേക്ക് തങ്ങളുടെ അംഗങ്ങളെ അയയ്ക്കില്ലെന്നു പ്രതിപക്ഷ പാർട്ടികൾ പലരും ഇതിനോടകം പ്രഖ്യാപിച്ചുകഴിഞ്ഞു.
പ്രതിപക്ഷപാർട്ടികൾ അംഗങ്ങളെ നിർദേശിക്കുന്നില്ലെന്നു തീരുമാനിച്ചാലും അത് അവഗണിച്ച് മുന്നോട്ടു പോകാനാണു സർക്കാർ തീരുമാനമെന്ന സൂചനയാണ് അമിത് ഷായുടെ വാക്കുകളിൽനിന്നു വ്യക്തമാകുന്നത്.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ ഒരു മാസം തടവിലായാൽ സ്ഥാനം നഷ്ടപ്പെടുന്ന നടപടിക്ക് ഭരണഘടനാ ഭേദഗതി ഉൾപ്പെടെ മൂന്നു ബില്ലുകളാണ് വർഷകാല സമ്മേളനം അവസാനിക്കുന്നതിന് ഒരു ദിവസം മുന്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്.
ഭരണഘടനാ ഭേദഗതി ഉൾപ്പെട്ടതിനാൽ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ ബിൽ പാർലമെന്റിൽ പാസാകുകയുള്ളൂ. ലോക്സഭയിലെ 543 അംഗങ്ങളിൽ 362 അംഗങ്ങൾ അനുകൂലിക്കണം. എന്നാൽ, എൻഡിഎയ്ക്ക് നിലവിൽ 292 അംഗങ്ങളാണു ലോക്സഭയിലുള്ളത്. രാജ്യസഭയിൽ 239 അംഗങ്ങളിൽ 133 പേരാണ് എൻഡിഎയ്ക്കുള്ളത്.
159 അംഗങ്ങളുടെ പിന്തുണ രാജ്യസഭയിലും ആവശ്യമാണ്. കൂടാതെ പകുതി സംസ്ഥാനങ്ങളിലെ നിയമസഭയും ബില്ലിനെ പിന്തുണയ്ക്കണം. അതിനാൽ ഭരണഘടനാ ഭേദഗതി ഉൾപ്പെട്ട ബില്ലിന്റെ ഭാവി എന്താകുമെന്ന് കണ്ടറിയണം.