പ്രത്യേക ദൗത്യത്തിന് സിഐഎസ്എഫ് വനിതാ കമാൻഡോ സംഘം ഒരുങ്ങുന്നു
Monday, August 25, 2025 2:24 AM IST
ന്യൂഡൽഹി: സ്ത്രീശക്തീകരണം ലക്ഷ്യമിട്ട് സുപ്രധാന ദൗത്യങ്ങൾക്കു വനിതാ കമാൻഡോ സംഘത്തെ നിയോഗിക്കാൻ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) തയാറെടുക്കുന്നു. ഇതിന്റെ ഭാഗമായി ഒരുസംഘം വനിതാ കമാൻഡോകൾ കടുത്ത പരിശീലനത്തിലാണ്. മധ്യപ്രദേശിലെ ബാർവാഹയിലെ പ്രാദേശിയ പരിശീലനകേന്ദ്രത്തിലാണു സംഘം തുടരുന്നത്.
എട്ടാഴ്ച നീളുന്ന പരിശീലനത്തോടെ ദ്രുതകർമസേനകളിലും പ്രത്യേകദൗത്യസംഘങ്ങളിലും പരിശീലിക്കാനുള്ള ശേഷി കമാൻഡോകൾ സ്വായത്തമാക്കും. അതീവസുരക്ഷയുള്ള കേന്ദ്രങ്ങളിലുൾപ്പെടെയാകും ഇവരെ വിന്യസിക്കുക. ശാരീരിക ദൃഢത വർധിപ്പിക്കുന്നതിനൊപ്പം ആയുധപരിശീലനവും സേനാംഗങ്ങൾക്കു നൽകുന്നുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടക്കുന്നതിനും ശാരീരിക-മാനസിക കരുത്ത് വർധിപ്പിക്കുന്നതിനും പ്രത്യേകം പരിശീലനം ഉണ്ടാകും.
രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ വിന്യസിച്ചിരുന്ന 30 വനിതകളാണ് ആദ്യസംഘത്തിലുള്ളത്. രണ്ടാമത്തെ സംഘം ഒക്ടോബർ ആറ് മുതൽ നവംബർ 29 വരെ പരിശീലനം തേടും.
വനിതാ കേഡറ്റുമാരെ കൂടുതലായി സിഐഎസ്എഫിൽ എത്തിക്കാനും ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചു. വനിതകളുടെ സാന്നിധ്യം പത്ത് ശതമാനമായി വളർത്തുകയാണ് ലക്ഷ്യം. ഇപ്പോൾ 12,491 വനിതകളാണ് സിഐഎസ്എഫിലുള്ളത്. അംഗബലത്തിന്റെ എട്ടുശതമാനം മാത്രമാണിത്. 2500 വനിതകളെ പടിപാടിയായി സേനയുടെ ഭാഗമാക്കുമെന്നും മന്ത്രാലയം വൃത്തങ്ങൾ സൂചന നൽകി.