ആകാശക്കോട്ട കെട്ടി ഇന്ത്യ; തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയം
സ്വന്തം ലേഖകൻ
Monday, August 25, 2025 2:24 AM IST
ന്യൂഡൽഹി: സൈനികമേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ തദ്ദേശീയമായി വികസിപ്പിച്ച ‘സംയോജിത വ്യോമ പ്രതിരോധ സംവിധാനം’(ഐഎഡിഡബ്ല്യുഎസ്) വിജയകരമായി പരീക്ഷിച്ചു. ഡിആർഡിഒയുടെ നേതൃത്വത്തിൽ ഒഡീഷ തീരത്താണ് ഭൂമിയിൽനിന്ന് അന്തരീക്ഷത്തിലേക്കു പായിക്കാൻ കഴിയുന്ന വ്യോമപ്രതിരോധ സംവിധാനം പരീക്ഷിച്ചത്.
ശത്രുരാജ്യത്തിന്റെ വളരെ താഴ്ന്നുപറക്കുന്ന യുദ്ധവിമാനങ്ങൾ മുതൽ ഡ്രോണുകളും മിസൈലുകളും വരെ വളരെ വേഗത്തിൽ പ്രതിരോധിച്ചു നശിപ്പിക്കാൻ രാജ്യം പുതുതായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനത്തിനു സാധിക്കും.
ശത്രുരാജ്യത്തിന്റെ മിസൈലുകൾ വളരെ പെട്ടെന്നു പ്രതിരോധിക്കുന്ന ‘ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ’ (ക്യുആർഎസ്എഎം), ‘അഡ്വാൻസ്ഡ് വെരി ഷോർട്ട് റേഞ്ച് എയർ ഡിഫൻസ് സിസ്റ്റം’ (വിഎസ്എച്ച്ഒആർഎഡിഎസ്) ഉയർന്ന ‘പവർ ലേസർ അധിഷ്ഠിത ഡയറക്ട് എനർജി വെപ്പണ്‍’ (ഡിഇഡബ്ല്യു) എന്നീ മൂന്ന് സംവിധാനങ്ങൾ ഉൾപ്പെടുത്തിയ വ്യോമപ്രതിരോധ സംവിധാനമാണു ഐഎഡിഡബ്ല്യുഎസ്.
മിസൈൽ സംവിധാനങ്ങൾ, ഡ്രോണ്‍ ഡിറ്റക്ഷൻ ആൻഡ് ഡിസ്ട്രക്ഷൻ സിസ്റ്റം, സിസ്റ്റം കമാൻഡ് ആൻഡ് കണ്ട്രോൾ, കമ്മ്യൂണിക്കേഷൻ, റഡാറുകൾ എന്നിവയുൾപ്പെടെ പ്രതിരോധ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായി പ്രവർത്തിച്ചതായി ഡിആർഡിഒ വ്യക്തമാക്കി. ഐഎഡിഡബ്ല്യുഎസിൽ ഉപയോഗിച്ചിരിക്കുന്ന മിക്ക സംവിധാനങ്ങളും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചവയാണ്.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനമടക്കം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് പൂർണമായും ചെറുത്തത് ഈ മേഖലയിലെ രാജ്യത്തിന്റെ നേട്ടമാണു വ്യക്തമാക്കിയത്. ഐഎഡിഡബ്ല്യുഎസ് സേനയുടെ ഭാഗമാകുന്നതോടെ വ്യോമപ്രതിരോധ മേഖലയിൽ രാജ്യം കൂടുതൽ ശക്തമാകും.