ബിഹാർ വോട്ടർപട്ടിക; ഓണ്‍ലൈനായി പേര് ചേർക്കാമെന്ന് സുപ്രീംകോടതി
Saturday, August 23, 2025 1:58 AM IST
ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണത്തിൽ കരട് വോട്ടർപട്ടികയിൽനിന്നു പുറത്തായ ആളുകൾക്ക് ഉൾപ്പെടുത്തലിന് ഓണ്‍ലൈനായി അപേക്ഷ നൽകാമെന്ന് സുപ്രീംകോടതി.
പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഫോമുകൾ നേരിട്ടു നൽകേണ്ട ആവശ്യമില്ല. ഇതോടെ ബിഹാറിനുപുറത്ത് ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾക്ക് വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ നേരിട്ട് എത്തി നൽകാതെ ഓണ്‍ലൈനായി നൽകാൻ സാധിക്കും.
യോഗ്യത തെളിയിക്കുന്നതിന് തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിക്കുന്ന 11 രേഖകൾക്കൊപ്പം ആധാറും ഉപയോഗിക്കാമെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി.
ഫോമുകൾ സമർപ്പിക്കുന്നതിന് അതത് ബൂത്തുകളിലെ വോട്ടർമാരെ സഹായിക്കുന്നതിന് ബൂത്ത് ലെവൽ ഏജന്റുമാർക്കു നിർദേശം നൽകാൻ ബിഹാറിലെ 12 അംഗീകൃത രാഷ്ട്രീയ പാർട്ടികളോട് കോടതി നിർദേശിച്ചു. ഈ പാർട്ടികളെ കേസിൽ കക്ഷിചേർക്കും. എന്നാൽ, 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ ഉണ്ടെങ്കിലും അവരിൽനിന്ന് രണ്ട് എതിർപ്പുകൾ മാത്രമേ വന്നിട്ടുള്ളൂവെന്നതിൽ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു.
കഴിഞ്ഞ 14ലെ കോടതി ഉത്തരവുപ്രകാരം കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ പേരുകൾ, ഒഴിവാക്കപ്പെട്ടതിന്റെ കാരണം എന്നിവ ഉൾപ്പെടുത്തിയുള്ള വിവരങ്ങൾ വെബ്സൈറ്റുകളിലും പോളിംഗ് ബൂത്തുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി തെരഞ്ഞെടുപ്പു കമ്മീഷൻ കോടതിയിൽ സത്യവാങ്മൂലം നൽകി.
രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ലെവൽ ഏജന്റുമാരുടെ പട്ടികയും പ്രസിദ്ധപ്പെടുത്തിയതായി കമ്മീഷൻ അറിയിച്ചു. ഒഴിവാക്കപ്പെട്ടവരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷയുടെ കാലാവധി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. വിഷയത്തിൽ സെപ്റ്റംബർ എട്ടിന് വീണ്ടും വാദം കേൾക്കും.