കർണാടക നിയമസഭയിൽ ശിവകുമാറിന്റെ ആർഎസ്എസ് ‘പ്രാർഥന’
Saturday, August 23, 2025 1:58 AM IST
ബംഗളൂരു: കർണാടക അസംബ്ലിയിൽ ആർഎസ്എസ് പ്രാർഥനാഗാനം ആലപിച്ച് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ. മുഖ്യമന്ത്രി സ്ഥാനത്തിനായി വടംവലി തുടരുന്നതിനിടെയാണ് അസംബ്ലിയിൽ ശിവകുമാറിന്റെ ആർഎസ്എസ് ‘പ്രാർഥന’.
ആര്‍എസ്എസ് ശാഖകളില്‍ പാടുന്ന ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ..’ എന്ന് തുടങ്ങുന്ന പ്രാര്‍ഥനാ ഗാനത്തിന്റെ ആദ്യത്തെ കുറച്ചുവരികളാണ് ശിവകുമാർ ആലപിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലുംതിരക്കിലും 11 പേർ മരിച്ച സംഭവമായിരുന്നു അസംബ്ലിയിലെ ചർച്ച. ശിവകുമാറാണു ദുരന്തത്തിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചതോടെയാണ് പ്രസംഗിക്കാൻ ഉപമുഖ്യമന്തി എഴുന്നേറ്റത്.
ശിവകുമാർ മറുപടി പ്രസംഗം നടത്തുന്നതിനിടെ പ്രതിപക്ഷ നേതാവ് ആർ. അശോക ഇടപെട്ട് ഉപമുഖ്യമന്ത്രി മുൻ ആർഎസ്എസുകാരനാണെന്നു സൂചിപ്പിച്ചു. ഇതോടെയാണ് ശിവകുമാർ തമാശയായി ആർഎസ്എസ് പ്രാർഥനാഗാനത്തിന്റെ ആദ്യവരികൾ പാടിയത്. ഇതോടെ പ്രതിപക്ഷം മേശയിൽത്തട്ടി ശിവകുമാറിനെ പ്രോത്സാഹിപ്പിച്ചു.
എന്നാൽ, ഈ സമയം ഭരണപക്ഷം സ്തംഭിച്ചിരിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ താന്‍ എക്കാലവും കോണ്ഗ്രസുകാരന് ആയിരിക്കുമെന്ന് വ്യക്തമാക്കി ശിവകുമാര്‍ രംഗത്തുവന്നു. ജന്മനാ കോൺഗ്രസുകാരനാണ്, ബിജെപി-ആർഎസ്എസുമായി കൈകോർക്കുന്നതിനെക്കുറിച്ച് ചോദ്യംപോലും ഉദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.