അമിത് ഷായ്ക്കു നേരേ ബില്ലുകൾ കീറിയെറിഞ്ഞു
Thursday, August 21, 2025 2:03 AM IST
ന്യൂഡൽഹി: ബിൽ അവതരിപ്പിക്കവേ ലോക്സഭയിൽ നടന്നത് നാടകീയ സംഭവങ്ങൾ. ബിൽ അവതരിപ്പിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുനേരേ ബില്ലുകൾ കീറിയെറിഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം ബില്ല് പാസാക്കിയെങ്കിലും എംപിമാർക്കു ലഭിച്ചത് രാത്രി ഏറെ വൈകിയാണ്.
ബില്ലവതരണം ഉൾപ്പെട്ട ലോക്സഭാ നടപടിക്രമങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതും അർധരാത്രിയിലായിരുന്നു.
ബില്ലിനെ എങ്ങനെ പ്രതിരോധിക്കണമെന്നു ചർച്ച ചെയ്യാൻ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി നേതാക്കൾ ഇന്നലെ രാവിലെ യോഗം ചേർന്നിരുന്നു.
ബിൽ അവതരിപ്പിക്കുന്പോൾ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാമെന്നു യോഗത്തിൽ തീരുമാനമെടുത്തെങ്കിലും ഉച്ചകഴിഞ്ഞു രണ്ടിന് അമിത് ഷാ ബിൽ അവതരിപ്പിച്ചപ്പോൾത്തന്നെ കല്യാണ് ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോണ്ഗ്രസിന്റെ എംപിമാർ നടുത്തളത്തിലേക്കെത്തി പ്രതിഷേധം ആരംഭിച്ചു.
എംപിമാർ പ്രസംഗിക്കുന്നതിടെ കല്യാണ് ബാനർജി മൈക്കിലൂടെ ‘വോട്ട് ചോർ, ഗദ്ദി ഛോഡ്’ (വോട്ടു കള്ളൻ കസേര വിടൂ) എന്ന മുദ്രാവാക്യം മുഴക്കിയതോടെ ഭരണപക്ഷം ബഹളം വച്ചു. തുടർന്നു മറ്റ് പ്രതിപക്ഷ എംപിമാരും നടുത്തളത്തിലേക്കിറങ്ങി ബിൽ കീറി പ്രതിഷേധിച്ചു.
ട്രഷറി ബെഞ്ചിനു സമീപത്തേക്ക് എംപിമാർ പ്രതിഷേധവുമായി എത്തിയതോടെ ഭരണ-പ്രതിപക്ഷ എംപിമാർ തമ്മിൽ ചെറുതായി ഉന്തും തള്ളുമുണ്ടായി. ഇതോടെ സഭ നിർത്തിവച്ചു. പിന്നീട് മൂന്നിനു സഭ ചേർന്നപ്പോൾ ജെപിസിക്കു വിടുന്ന പ്രമേയം അവതരിപ്പിച്ച് ശബ്ദവോട്ടോടെ പാസാക്കി സഭ പിരിഞ്ഞു.