നീറിപ്പുകഞ്ഞ് സിപിഎം കത്ത് വിവാദം; ഒഴിഞ്ഞുമാറി നേതാക്കൾ
Tuesday, August 19, 2025 2:57 AM IST
ന്യൂഡൽഹി: നേതാക്കൾക്കുമേൽ ഗുരുതര സാന്പത്തിക ആരോപണം ഉന്നയിച്ച് പോളിറ്റ് ബ്യൂറോയ്ക്ക് (പിബി) നൽകിയ കത്ത് ചോർന്ന സംഭവത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറി സിപിഎം ദേശീയ നേതൃത്വം.
ഡൽഹി എകെജി ഭവനിൽ നടക്കുന്ന പിബി യോഗത്തിൽ പങ്കെടുക്കാനെത്തിയ നേതാക്കളാരും വിഷയത്തിൽ പ്രതികരിച്ചില്ല. ആരോപണം ശുദ്ധ അസംബന്ധമെന്നു മാത്രമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്.
സിപിഎമ്മിന്റെ യുകെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരേ ചെന്നൈയിലുള്ള വ്യവസായി മുഹമ്മദ് ഷെർഷാദ് മഹാരാഷ്ട്രയിൽനിന്നുള്ള പിബി അംഗവും സിഐടിയു നേതാവുമായയ അശോക് ധാവ്ളെക്കും പോളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്ററായിരുന്ന പ്രകാശ് കാരാട്ടിനുമാണ് പരാതി നൽകിയത്. ഈ പരാതിയാണ് ചോർന്നത്. അശോക് ധാവ്ളെയും ഇതു സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും അടക്കം പൊതുവിഷയങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച പിബി യോഗമാണ് ഡൽഹിയിൽ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിനെത്തിയിട്ടില്ല.