ബ്ലോക്കിൽ കിടക്കാൻ എന്തിനു ടോൾ?; ദേശീയപാത അഥോറിറ്റിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം
Tuesday, August 19, 2025 2:57 AM IST
ന്യൂഡൽഹി: ടോൾ പിരിച്ചിട്ടും ഗതാഗതക്കുരുക്ക് ഉണ്ടെങ്കിൽ എന്തിനാണ് ടോൾ പിരിവെന്ന് ദേശീയപാത അഥോറിറ്റിയോട് (എൻഎച്ച്എഐ) സുപ്രീംകോടതി.
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവു നാലാഴ്ചത്തേക്ക് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ വിധിപറയാൻ മാറ്റിവച്ചുകൊണ്ടാണ് എൻഎച്ച്എഐക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ കെ. വിനോദ് ചന്ദ്രൻ, എൻ.വി. അഞ്ജരിയ തുടങ്ങിയവരുടെ ബെഞ്ചാണ് ഹർജിയിൽ വാദം കേട്ടത്.
റോഡിൽ ഗതാഗതതടസമില്ലെന്നു കാണിക്കാൻ വാഹനങ്ങളില്ലാത്ത ദേശീയപാതയുടെ വീഡിയോ എൻഎച്ച്എഐ ഇന്നലെ കോടതിയിൽ ഹാജരാക്കി.
എന്നാൽ പരാതിക്കാർ 12 മണിക്കൂർ ഗതാഗത തടസമുണ്ടായെന്ന പത്രവാർത്ത കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് ബെഞ്ചിലെ മലയാളി അംഗം കൂടിയായ ജസ്റ്റീസ് വിനോദ് ചന്ദ്രൻ എൻഎച്ച്എഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയെ ചൂണ്ടിക്കാണിച്ചു. ദേശീയപാത അഥോറിറ്റി ഹാജരാക്കിയ വീഡിയോ എടുക്കാൻ വളരെ ക്ഷമ വേണമെന്നും ജസ്റ്റീസ് അഭിപ്രായപ്പെട്ടു. ഒരു ലോറി അപകടത്തിൽപ്പെട്ടതാണ് ഇതിന് കാരണമെന്നായിരുന്നു മേത്തയുടെ വിശദീകരണം.
എന്നാൽ ലോറി സ്വയം അപകടത്തിൽപ്പെട്ടതല്ലെന്നും ദേശീയപാതയിലെ കുഴിയിൽ വീണുണ്ടായ അപകടമാണെന്നും ജസ്റ്റീസ് ചൂണ്ടിക്കാട്ടി. 65 കിലോമീറ്റർ ദൂരത്തിന് എത്ര രൂപയാണ് ടോളായി ഈടാക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ചോദിച്ചു. 150 രൂപയാണെന്നു മറുപടി ലഭിച്ചപ്പോൾ 65 കിലോമീറ്റർ യാത്ര ചെയ്യാൻ 12 മണിക്കൂറെടുക്കുമെങ്കിൽ എന്തിനാണ് സാധാരണക്കാർ 150 രൂപ ടോളായി നൽകുന്നത്.
ഒരു മണിക്കൂർ എടുക്കേണ്ട യാത്രയ്ക്ക് പകരം 11 മണിക്കൂർ അധികം എടുക്കുകയും അതിന് ടോൾ നൽകുകയും വേണോ എന്ന് രൂക്ഷമായ ഭാഷയിൽ ചീഫ് ജസ്റ്റീസ് ദേശീയപാത അഥോറിറ്റിയോട് ചോദിച്ചു. വൈകുന്നതിനനുസരിച്ച് ടോൾ നിരക്ക് ആനുപാതികമായി കുറയ്ക്കണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
ടോൾ നിർത്തലാക്കിയതുമൂലമുണ്ടായ നഷ്ടം ദേശീയപാത അഥോറിറ്റിയിൽനിന്ന് ഈടാക്കാൻ കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് ഹൈക്കോടതി അനുമതി നൽകിയതിൽ ആശങ്കയുണ്ടെന്ന് എൻഎച്ച്എഐക്കുവേണ്ടി മേത്ത കോടതിയിൽ പറഞ്ഞു.
ദേശീയപാത കടന്നുപോകുന്ന കവലകളുടെയും അണ്ടർപാസുകളുടെയും അറ്റകുറ്റപ്പണികൾക്കുള്ള കരാർ മൂന്നാം കക്ഷികൾക്കാണു നൽകിയിരിക്കുന്നത്. ഇവിടെ ഉണ്ടാകുന്ന ഗതാഗത തടസത്തിന് പ്രധാന കരാറുകാരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്ന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാൻ കോടതിയിൽ വ്യക്തമാക്കി.
റോഡ് ഗതാഗതയോഗ്യമാണോ എന്ന് ഉറപ്പാക്കേണ്ടത് എല്ലാ കക്ഷികളുടെയും ഉത്തരവാദിത്വമാണെന്നാണ് പരാതിക്കാർ കോടതിയിൽ പറഞ്ഞത്. കഴിഞ്ഞദിവസം കേസ് പരിഗണിച്ചപ്പോഴും ദേശീയപാത അഥോറിറ്റി സുപ്രീംകോടതിയിൽനിന്ന് രൂക്ഷവിമർശനം നേരിട്ടിരുന്നു.