മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കാൻ പ്രതിപക്ഷം
Tuesday, August 19, 2025 2:57 AM IST
ന്യൂഡൽഹി: വോട്ട് കൊള്ള വിഷയം അടുത്ത തലത്തിലേക്കെത്തിക്കാനൊരുങ്ങി പ്രതിപക്ഷം. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള ആരോപണങ്ങൾക്കു മറുപടി പറയുന്നതിനുപകരം ന്യായീകരണങ്ങൾ നിരത്തിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിന് ഇംപീച്ച്മെന്റ് നടപടികളിലേക്ക് ഇന്ത്യ മുന്നണി കടന്നേക്കും.
ഇന്നലെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ഇന്ത്യ മുന്നണിയിലെ പാർലമെന്ററി ഫ്ലോർ ലീഡർമാരുടെ യോഗത്തിൽ ഇതു ചർച്ചയായി.
ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കുമെന്നാണ് ഉച്ചയ്ക്കുശേഷം പ്രതിപക്ഷ സഖ്യം ഒരുമിച്ചുനടത്തിയ വാർത്താസമ്മേളനത്തിൽ കോണ്ഗ്രസ് ലോക്സഭ ഉപനേതാവ് ഗൗരവ് ഗൊഗോയി വ്യക്തമാക്കിയത്.
പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് ഇന്ത്യ സഖ്യത്തിന്റെ പുതിയ നീക്കം. ബിഹാർ വോട്ടർപട്ടിക വിഷയത്തിൽ പാർലമെന്റിനകത്തും പുറത്തും പ്രതിഷേധം തുടരുകയാണ്. ഇത് തുടരണോ എന്നതടക്കം രാവിലെ ചേർന്ന യോഗത്തിൽ ചർച്ചയായി. വരുംദിവസങ്ങളിലും പ്രതിഷേധം തുടർന്നേക്കും.