മഹാരാഷ്ട്രയിൽ നാശംവിതച്ച് കനത്ത മഴ; പത്തു മരണം
Wednesday, August 20, 2025 2:24 AM IST
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നുണ്ടായ അപകടങ്ങളിൽ പത്തു പേർ മരിച്ചു. ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. സംസ്ഥാനത്ത് 14 ലക്ഷം ഏക്കർസ്ഥലത്തെ കൃഷി നശിച്ചു.
മുംബൈയിലും വിദർഭ മേഖലയിലെ ഗഡ്ചിരോളിയിലും മറാഠ്വാഡ മേഖലയിലെ നാന്ദെഡിലുമാണ് മഴക്കെടുതി ഏറ്റവും രൂക്ഷം. നാന്ദെഡിൽ മാത്രം എട്ടു പേർ മരിച്ചു. ഏഴു പേർ സഞ്ചരിച്ച ഓട്ടോറിക്ഷയും ഒരു കാറും ഒഴുകിപ്പോയി. പ്രദേശവാസികൾ മൂന്നു പേരെ രക്ഷപ്പെടുത്തി. നാലു പേർക്കായി തെരച്ചിൽ നടന്നുവരികയാണ്.
രണ്ടു ദിവസമായി പെയ്യുന്ന കനത്തമഴയിൽ മുംബൈയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മുംബൈ നഗരത്തിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. നഗരമധ്യത്തിലൂടെ ഒഴുകുന്ന മിഥി നദി കരകവിഞ്ഞതോടെ കുർളയിൽനിന്ന് 350 പേരെ മാറ്റിപാർപ്പിച്ചു.
സ്കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ അടഞ്ഞുകിടന്നു. മഴ കനത്തതോടെ ബോംബെ ഹൈക്കോടതി ഇന്നലെ ഉച്ചകഴിഞ്ഞ് 12.30 വരെ മാത്രമാണ് പ്രവർത്തിച്ചത്. ലോക്കൽ ട്രെയിൻ സർവീസുകൾ വൈകി. മുംബൈയിലെ വിവിധ പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ 200 മില്ലിമീറ്ററിലേറെ മഴയാണു ലഭിച്ചത്.