ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; ജസ്റ്റീസ് ബി. സുദർശൻ റെഡ്ഢി ഇന്ത്യാ സഖ്യം സ്ഥാനാർഥി
Wednesday, August 20, 2025 2:24 AM IST
സീനോ സാജു
ന്യൂഡൽഹി: സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് ബി. സുദർശൻ റെഡ്ഢിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രതിപക്ഷ ഇന്ത്യ സഖ്യം.
കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ നടന്ന യോഗത്തിലാണ് അവിഭക്ത ആന്ധ്രയിൽനിന്നുള്ള സുദർശൻ റെഡ്ഢിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ഐകകണ്ഠ്യേന തെരഞ്ഞെടുത്തത്.
മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് സ്വദേശിയുമായ സി.പി. രാധാകൃഷ്ണനാണു ഭരണമുന്നണിയായ എന്‍ഡിഎയുടെ സ്ഥാനാര്‍ഥി. ഇതോടെ അടുത്തമാസം ഒന്പതിനു നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യൻ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.
1946ൽ ഇന്നത്തെ തെലുങ്കാനയിലെ രംഗറെഡ്ഢി ജില്ലയിൽ ജനിച്ച ബി. സുദർശൻ റെഡ്ഢി നാലു പതിറ്റാണ്ടിലേറെ നീണ്ട നിയമജീവിതത്തിനുടമയാണ്. സാധാരണ കർഷകകുടുംബത്തിൽ ജനിച്ചു രാജ്യത്തിന്റെ ജുഡീഷൽ സംവിധാനത്തിലെ ഉന്നതപദവികളിലെത്തിയ ഔദ്യോഗിക ജീവിതമാണ് അദ്ദേഹത്തിന്റേത്.
1995ൽ ആന്ധ്രപ്രദേശ് ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനായ അദ്ദേഹം 2005ൽ ഗോഹട്ടി ഹൈക്കോടതി ചീഫ് ജസ്റ്റീസായി. പിന്നീട് 2007 മുതൽ നാലര വർഷക്കാലം സുപ്രീംകോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചു. 2011ലാണ് പദവിയിൽനിന്നു വിരമിച്ചത്. ഗോവയുടെ ആദ്യ ലോകായുക്തയായി 2013ൽ ചുമതലയേറ്റെടുത്തു.
എൻഡിഎ സ്ഥാനാർഥിയായ മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെതിരേ മത്സരിക്കാൻ സുപ്രീംകോടതി മുൻ ജഡ്ജിയെ രംഗത്തിറക്കിയത് ആശയപരമായ പോരാട്ടത്തിനാണെന്നാണു പ്രഖ്യാപനം നടത്തിയ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയത്.
സുദർശൻ റെഡ്ഢി സാമൂഹിക, സാന്പത്തിക, രാഷ്ട്രീയ നീതിയുടെ ധീരനായ വക്താവാണെന്നും അദ്ദേഹത്തിന്റെ വിധിന്യായങ്ങൾ വായിക്കുകയാണെങ്കിൽ, അദ്ദേഹം പാവപ്പെട്ടവർക്കൊപ്പം നിലകൊണ്ടുവെന്നും ഭരണഘടനയെയും മൗലികാവകാശങ്ങളെയും സംരക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാകുമെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
മുൻതൂക്കം എൻഡിഎയ്ക്കുതന്നെ
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരം ഉറപ്പായെങ്കിലും ഭരണകക്ഷിയായ എൻഡിഎയ്ക്കുതന്നെയാണ് മുൻതൂക്കം.
ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാരടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നത്. ഒഴിവുകൾ മാറ്റിനിർത്തിയാൽ നിലവിലെ ഇലക്ടറൽ കോളജിൽ 782 അംഗങ്ങളാണുള്ളത്. ഇതുപ്രകാരം 392 വോട്ടുകൾ ലഭിക്കുന്നയാളാണു വിജയിക്കുക.
ലോക്സഭയിൽ 293 അംഗങ്ങളും രാജ്യസഭയിൽ 133 അംഗങ്ങളുമുള്ള എൻഡിഎയ്ക്ക് സി.പി. രാധാകൃഷ്ണനെ പദവിയിലെത്തിക്കാം. ഇതിനോടൊപ്പംതന്നെ എൻഡിഎയെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന വൈഎസ്ആർ കോണ്‍ഗ്രസ് പോലുള്ള പ്രാദേശിക പാർട്ടികളുടെ വോട്ടുകളും എൻഡിഎ സ്ഥാനാർഥിക്കു ലഭിക്കാനാണു സാധ്യത.