ഓൺലൈൻ ചൂതാട്ടത്തിനു പൂട്ട്
Wednesday, August 20, 2025 2:24 AM IST
സനു സിറിയക്
ന്യൂഡൽഹി: പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കാൻ നിയമനിർമാണവുമായി കേന്ദ്രസർക്കാർ. ഇതുസംബന്ധിച്ച ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി.
പാർലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ ബിൽ ഇന്നു പാർലമെന്റിൽ അവതരിപ്പിച്ചേക്കും.
ഓണ്‍ലൈൻ ഗെയിമിംഗ് ആപ്പുകളെ വ്യക്തമായ നിയമ ചട്ടക്കൂടിനു കീഴിൽ കൊണ്ടുവരിക, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള ചൂതാട്ടത്തിന് കർശനമായ പിഴ ചുമത്തുക, ഓണ്‍ലൈൻ വാതുവയ്പ് ശിക്ഷാർഹമായ കുറ്റമാക്കുക തുടങ്ങിയവയാണ് ബില്ലുകൊണ്ട് ലക്ഷ്യമിടുന്നത്. കൂടാതെ, ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നതിലൂടെ ഈ മേഖലയിലൂടെ ഉണ്ടാകുന്ന കുറ്റകൃത്യങ്ങളും ആസക്തിയും കുറയ്ക്കാൻ സാധിക്കുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
നിയമം പാസായാൽ പണം നിക്ഷേപിച്ചു കളിക്കുന്ന ഓണ്‍ലൈൻ ഗെയിമുകൾക്ക് ബാങ്ക്് വഴിയോ മറ്റു ധനകാര്യ സ്ഥാപനങ്ങൾ വഴിയോ പണം കൈമാറാൻ സാധിക്കില്ല. ഇത്തരം ഗെയിമുകൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പൂർണമായും നിരോധിക്കപ്പെടും.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കെതിരേ ശക്തമായ നടപടിയുണ്ടാകും. എന്നാൽ ഇ-സ്പോർട്സ്, പണം ഉൾപ്പെടാത്ത നൈപുണ്യം ആവശ്യമുള്ള ഗെയിമുകൾ എന്നിവയ്ക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും ബിൽ നിഷ്കർഷിക്കുന്നു.
നിയമം പ്രാബല്യത്തിലായാൽ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലയെ ഇലക്ട്രോണിക് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ കൊണ്ടുവരും. കൂടാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്ന രജിസ്റ്റർ ചെയ്യാത്തതോ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നതോ ആയ ഏതൊരു ഓണ്‍ലൈൻ ഗെയിമിംഗ് പ്ലാറ്റ്ഫോം നിരോധിക്കാനും കേന്ദ്രസർക്കാരിന് നിയമത്തിന്റെ പിൻബലത്തിൽ സാധിക്കും.
2023 ഒക്ടോബറിലാണു പണം നിക്ഷേപിച്ചുള്ള ഓണ്‍ലൈൻ ഗെയിമുകൾക്ക് കേന്ദ്രസർക്കാർ 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തിയത്. ഇതോടെ ഈ മേഖല പൂർണമായും നിരീക്ഷണവിധേയമാണ്.
ഇത്തരം ഗെയിമുകളിൽനിന്ന് വരുമാനം ലഭിക്കുന്നവരിൽനിന്ന് ഈ സാന്പത്തികവർഷം മുതൽ 30 ശതമാനം നികുതി ഈടാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരുന്നത്.
അതേസമയം, രാജ്യത്തു വളർച്ചയുടെ പാതയിലുള്ള ഓണ്‍ലൈൻ ഗെയിമിംഗ് വ്യവസായം ഒരു നിയന്ത്രിത ചട്ടക്കൂടിനു കീഴിൽ കൊണ്ടുവരുന്നതിനുള്ള നടപടിയായും ബില്ലിനെ കാണാൻ സാധിക്കും.