ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ എൻഡിഎ സ്ഥാനാർഥി
സ്വന്തം ലേഖകൻ
Monday, August 18, 2025 2:32 AM IST
ന്യൂഡൽഹി: ഭരണകക്ഷിയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി നിലവിൽ മഹാരാഷ്ട്ര ഗവർണറും തമിഴ്നാട് സ്വദേശിയുമായ സി.പി. രാധാകൃഷ്ണനെ തീരുമാനിച്ചു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ബിജെപി ആസ്ഥാനത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം.
ഈ മാസം ആറിന് ചേർന്ന എൻഡിഎ പാർലമെന്ററി യോഗം ഭരണകക്ഷിയുടെ സ്ഥാനാർഥിയെ നിർണയിക്കുന്നതിന് മോദിയെയും നഡ്ഡയെയും ചുമതലപ്പെടുത്തിയിരുന്നു.
2024 ജൂലൈ 31നാണ് സി.പി. രാധാകൃഷ്ണൻ മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റത്. 2023 ഫെബ്രുവരി 18 മുതൽ 2024 ജൂലൈ 30 വരെ ജാർഖണ്ഡ് ഗവർണറായി സേവനമനുഷ്ഠിച്ചിരുന്നു.
2024 മാർച്ച് മുതൽ ജൂലൈ വരെ തെലുങ്കാന ഗവർണറായും 2024 മാർച്ച് മുതൽ ഓഗസ്റ്റ് വരെ പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധികചുമതലകൾ വഹിച്ചു. രണ്ട് തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996ൽ ബിജെപിയുടെ തമിഴ്നാട് സെക്രട്ടറിയായും അദ്ദേഹത്തെ നിയമിച്ചു.
അടുത്ത മാസം ഒൻപതിനാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്. ഓഗസ്റ്റ് 21 വരെ സ്ഥാനാർഥികൾക്കു നാമനിർദേശം നൽകാം. തെരഞ്ഞെടുപ്പു കമ്മീഷന്റെ സമയക്രമം അനുസരിച്ച് 22ന് സൂക്ഷ്മപരിശോധന നടക്കും. 25 ആണ് നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതി.
സംയുക്ത സ്ഥാനാർഥി: പ്രതിപക്ഷ യോഗം ഇന്ന്
ന്യൂഡൽഹി: സംയുക്ത സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നതിനെക്കുറിച്ച് രാജ്യസഭയിലെ പ്രതിപക്ഷനേതാവ് മല്ലികാർജ്ജുൻ ഖാർഗെയുടെ വസതയിൽ ഇന്നു ചേരുന്ന ഇന്ത്യ മുന്നണി നേതാക്കൾ ചർച്ച ചെയ്തേക്കും. സംയുക്ത സ്ഥാനാർഥിയെ മത്സരിപ്പിച്ചേക്കുമെന്ന് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി നേരത്തെ സൂചന നൽകിയിരുന്നു.
കഴിഞ്ഞ ആഴ്ച രാഹുൽ ഗാന്ധി ആതിഥേയത്വം വഹിച്ച ഇന്ത്യ മുന്നണി നേതാക്കളുടെ യോഗത്തിൽ എല്ലാവർക്കും സ്വീകാര്യനായ സ്ഥാനാർഥിയെ പ്രതിപക്ഷത്തിനു വേണ്ടി നിർത്താൻ തീരുമാനിച്ചിരുന്നു. എന്നാ ൽ, എൻഡിഎ സ്ഥാനാർഥിയെ തീരുമാനിച്ച സാഹചര്യത്തിൽ പ്രതിപക്ഷം സ്ഥാനാർഥിയെ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. എൻഡിഎയ്ക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും ശക്തമായ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.