ഗവർണർമാർക്ക് സമയപരിധി; ഭരണഘടനാ പ്രതിസന്ധി ഉണ്ടാകുമെന്ന് കേന്ദ്രം
Sunday, August 17, 2025 1:49 AM IST
ന്യൂഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവിനെതിരേ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.
ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കുന്നത് ഭരണഘടനാപരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.
സർക്കാരിന്റെ ഒരു ശാഖയ്ക്ക് അവരിൽ നിക്ഷിപ്തമല്ലാത്ത അധികാരങ്ങൾ കവർന്നെടുക്കുന്നതിന് ഏപ്രിലിലെ സുപ്രീംകോടതി ഉത്തരവ് വഴിയൊരുക്കുമെന്നും അതുവഴി അധികാരവിഭജനത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
ഒരു വിഷയത്തിൽ പൂർണനീതി ഉറപ്പാക്കുന്നതിനായി സുപ്രീംകോടതിക്ക് പരമോന്നത അധികാരം നൽകുന്ന അനുച്ഛേദം 142 ഉപയോഗിച്ചുപോലും ഭരണഘടന ഭേദഗതി ചെയ്യാനോ ഭരണഘടനാ നിർമാതാക്കളുടെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്താനോ സുപ്രീംകോടതിക്കു കഴിയില്ലെന്ന്, ഭരണഘടനയിൽ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്രം കോടതിയിൽ അറിയിച്ചിട്ടുണ്ട്.
ബില്ലുകളിൽ തീരുമാനമെടുക്കുന്നതിലെ നടപടിക്രമങ്ങളിൽ ചില പ്രശ്നങ്ങളുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന ഗവർണറുടെഓഫീസിനെ കീഴ് ഓഫീസായി ഇകഴ്ത്തുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
ഗവർണറുടെയും രാഷ്ട്രപതിയുടെയും ഓഫീസുകൾ രാഷ്ട്രീയപരമായി പൂർണമാണെന്നും ജനാധിപത്യഭരണത്തിന്റെ ഉയർന്ന ആദർശങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.
ഇത്തരം ഓഫീസുകളിൽനിന്നുള്ള വീഴ്ചകൾ ‘അനാവശ്യമായ ജുഡീഷൽ ഇടപെടലുകളി’ലൂടെയല്ലാതെ രാഷ്ട്രീയവും ഭരണഘടനാപരമായ സംവിധാനങ്ങളിലൂടെ പരിഹരിക്കണമെന്നും തുഷാർ മേത്ത കൂട്ടിച്ചേർത്തു.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്തതിന് തമിഴ്നാട് സർക്കാർ നൽകിയ ഹർജിയിൽ ഏപ്രിൽ എട്ടിലെ ഉത്തരവിലൂടെയാണ് സുപ്രീം കോടതി രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചത്.
എന്നാൽ ഇത്തരം സമയപരിധികളുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച പ്രസിഡൻഷൽ റഫറൻസ് നിലവിൽ സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കെയാണ് കേന്ദ്രം രേഖാമൂലമുള്ള പ്രതികരണം അറിയിച്ചിരിക്കുന്നത്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.