ധർമസ്ഥല: കോൺഗ്രസും ബിജെപിയും തമ്മിൽ വാക്പോര്
Monday, August 18, 2025 2:31 AM IST
ബംഗളൂരു: ധർമസ്ഥലയിൽ നടക്കുന്ന തെരച്ചിലുമായി ബന്ധപ്പെട്ട് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉയർത്തി കർണാടകയിലെ കോൺഗ്രസും ബിജെപിയും. ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയുടെ നേതൃത്വത്തിൽ പാർട്ടി സംഘം ധർമസ്ഥലയിലെത്തി മഞ്ജനാഥ സ്വാമിയെയും അണ്ണപ്പ സ്വാമിയെയും വണങ്ങുകയും ധർമാധികാരി വീരേന്ദ്ര ഹെഗ്ഡെയെ സന്ദർശിച്ച് അനുഗ്രഹം തേടുകയും ചെയ്തു.
കോൺഗ്രസ് സർക്കാർ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) യാതൊരു എതിർപ്പുമില്ലെന്നും എന്നാൽ ക്ഷേത്രത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരേ നടപടിയെടുക്കണമെന്നുമുള്ള നിലപാട് വിജയേന്ദ്ര ആവർത്തിച്ചു.
ലക്ഷക്കണക്കിന് ഭക്തരുടെ വികാരങ്ങൾ വ്യാജ പ്രചാരണങ്ങൾ മൂലം മുറിപ്പെട്ടിട്ടുണ്ട്. ധർമസ്ഥലയിൽ ഇതുവരെ വ്യക്തമായ യാതൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇടതുപക്ഷ സംഘടനകളുടെ സമ്മർദ ഫലമായാണു സംസ്ഥാന സർക്കാർ അന്വേഷണ സംഘത്തെ നിയോഗിച്ചതെന്നു ജില്ലാ ഇൻ ചാർജ് ആയ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ധർമസ്ഥല വിവാദത്തിന് പിന്നിൽ വന്പൻ ഗൂഢാലോചനയുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞതും വിജയേന്ദ്ര ചൂണ്ടിക്കാട്ടി.
എന്നാൽ, ബിജെപിയുടെ സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് പറഞ്ഞ ഡി.കെ. ശിവകുമാർ, എസ്ഐടി രൂപവത്കരിച്ചപ്പോൾ ബിജെപി മൗനം അവലംബിച്ചതെന്തുകൊണ്ടാണെന്നും ആരാഞ്ഞു. അതേസമയം, തെരച്ചിലിനെ സംബന്ധിച്ച് ഇന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര നിയമസഭയിൽ വിശദമായ പ്രസ്താവന നടത്തുമെന്നാണ് കരുതപ്പെടുന്നത്.