ദ്വിരാഷ്ട്രവാദം ആദ്യമുയർത്തിയത് സവർക്കറെന്ന് പ്രിയങ്ക് ഖാർഗെ
Monday, August 18, 2025 2:32 AM IST
ബംഗളൂരു: ഇന്ത്യയിൽ ദ്വിരാഷ്ട്രവാദം ആദ്യമുയർത്തിയത് വി.ഡി. സവർക്കറാണെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. മുഹമ്മദ് അലി ജിന്നയും മുസ്ലിം ലീഗും ദ്വിരാഷ്ട്രവാദം സ്വീകരിക്കുന്നതിന് വളരെ മുമ്പുതന്നെ സവർക്കർ ഇത് ഉന്നയിച്ചിരുന്നെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.
“1922ൽ എഴുതിയ ‘എസൻഷ്യൽസ് ഓഫ് ഹിന്ദുത്വ’യിൽ, സവർക്കർ ഹിന്ദുത്വത്തെ മതം എന്ന നിലയിലല്ല മാതൃരാജ്യം എന്നാണു നിർവചിക്കുന്നത്. ഇന്ത്യയെ പിതൃഭൂമിയും പുണ്യഭൂമിയുമെന്നാണ് വിശേഷിപ്പിക്കുന്നത്’’- അദ്ദേഹം പറഞ്ഞു. എക്സ് പോസ്റ്റിലായിരുന്നു പ്രിയങ്ക് ഖാർഗെയുടെ വിമർശനം. ഇന്ത്യയിൽ പരസ്പരവിരുദ്ധമായ രണ്ട് രാഷ്ട്രങ്ങളുണ്ടെന്ന് 1937ൽ ഹിന്ദുമഹാസഭയുടെ അഹമ്മദാബാദ് സമ്മേളനത്തിൽ സവർക്കർ പറഞ്ഞിരുന്നു. ഇന്ത്യയെ ഇന്നൊരു ഏകാത്മക രാഷ്ട്രമെന്നു പറയാനാവില്ല.
ഇന്ത്യയിൽ ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും രണ്ട് രാഷ്ട്രങ്ങളുണ്ട്- സവർക്കർ അഹമ്മദാബാദ് സമ്മേളനത്തിൽ പറഞ്ഞു. ജിന്നയുടെ ദ്വിരാഷ്ട്ര സിദ്ധാന്തത്തോട് തനിക്ക് യാതൊരു അഭിപ്രായവ്യത്യാസവുമില്ലെന്ന് 1943ൽ നാഗ്പുരിൽ സവർക്കർ പ്രസ്താവന നടത്തിയിട്ടുണ്ടെന്നും പ്രിയങ്ക് പറയുന്നു. ഹിന്ദുക്കൾ, സ്വയം ഒരു രാഷ്ട്രമാണ്, ഹിന്ദുക്കളും മുസ്ലിംകളും രണ്ട് രാഷ്ട്രങ്ങളാണെന്നത് ചരിത്ര വസ്തുതയാണെന്നും സവർവർക്കർ നാഗ്പുരിൽ പറഞ്ഞതായും പ്രിയങ്ക് ചൂണ്ടിക്കാട്ടി. ഈ ചരിത്രത്തെ ബിജെപി അംഗീകരിക്കുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.