ധർമസ്ഥല കേസ്: അനന്യ ഭട്ടിന്റെ ഫോട്ടോ പരസ്യമാക്കി അമ്മ
Monday, August 18, 2025 2:32 AM IST
മംഗളൂരു: കർണാടക ധർമസ്ഥലയിലെ ദുരൂഹമരണങ്ങളെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി പ്രത്യേക സംഘം. ധര്‍മസ്ഥലയിൽ കാണാതായെന്നു സംശയിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി അനന്യ ഭട്ടിന്റെ ഫോട്ടോ അമ്മ സുജാത ഭട്ട് പുറത്തുവിട്ടതുൾപ്പെടെ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് പ്രത്യേക സംഘത്തിന്റെ നിഗമനം.
മെഡിക്കൽ കോളജ് വിദ്യാർഥിനിയായ അനന്യ കൂട്ടുകാരുമൊത്ത് 2003 ൽ ധർമസ്ഥലയിലെത്തിയശേഷം കാണാതാവുകയായിരുന്നു. മകളുടെ തിരോധാനത്തിനും ധർമസ്ഥലയിലെ ദുരൂഹതയ്ക്കും തമ്മിൽ ബന്ധമുണ്ടെന്നു കാണിച്ച് സുജാത ഭട്ട് നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. സംഭവസമയം കോൽക്കത്ത സിബിഐയിൽ സ്റ്റെനോഗ്രാഫറായി ഇവർ ജോലി ചെയ്യുകയായിരുന്നുവെന്നു പരാതിയിൽ പറയുന്നു. മകളെ കാണാതായ സംഭവത്തിൽ അന്ന് പോലീസിനെ സമീപിക്കാനൊരുങ്ങിയെങ്കിലും വിവിധ കോണുകളിൽനിന്ന് ഭീഷണി ഉയർന്നു. പരാതിയുമായി ക്ഷേത്രം അധികൃതരെ സമീപിച്ചപ്പോൾ കൈയേറ്റത്തിനും വിധേയയായി.
ധർമസ്ഥലയിൽ കണ്ടെത്തിയ അസ്ഥിക്കഷണങ്ങളിൽ മകളുടെ ശരീരഭാഗങ്ങളും ഉണ്ടെന്നു സുജാത കരുതുന്നു. മകളുടെ ഭൗതികാവശിഷ്ടങ്ങള്‍ കണ്ടെത്തിയാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം കൈമാറണമെന്നും ഹിന്ദു ആചാരപ്രകാരം അന്ത്യകർമങ്ങൾ നിർവഹിക്കാനാണ് ആലോചനയെന്നും അവർ പറഞ്ഞു.