ദേശീയ കായിക ഭരണ ബിൽ നിയമമായി
Wednesday, August 20, 2025 2:24 AM IST
ന്യൂഡൽഹി: ദേശീയ കായിക ഭരണ ബിൽ 2025ന് രാഷ്ട്രപതിയുടെ അംഗീകാരം. ഇതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കിയതോടെ ബിൽ നിയമമായി.
ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരായ പ്രതിപക്ഷബഹളത്തിനിടയിലാണ് പാർലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രസർക്കാർ ബിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ 11ന് ചർച്ചയില്ലാതെ ലോക്സഭ ബിൽ പാസാക്കി. പിറ്റേന്ന് രണ്ടു മണിക്കൂർ മാത്രം നീണ്ട ചർച്ചയ്ക്കൊടുവിൽ രാജ്യസഭയും ബിൽ പാസാക്കി.
രാജ്യത്തെ വിവിധ കായിക ഭരണസംവിധാനങ്ങളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണു ബിൽ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
ലോകത്തിലെതന്നെ ഏറ്റവും സന്പന്നമായ കായികസംഘടനയായ ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ) ഉൾപ്പെടെ എല്ലാ കായിക ഫെഡറേഷനുകളുടെയും മേൽനോട്ടം വഹിക്കുന്ന ഒരു ദേശീയ കായിക ബോർഡ് (എൻഎസ്ബി) രൂപീകരിക്കാൻ നിയമം നിർദേശിക്കുന്നു.
ബിസിസിഐക്കു സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാൽ ബോർഡിനെ വിവരാവകാശ നിയമത്തിൽ ഉൾപ്പെടുത്തേണ്ടതില്ലെന്നും നിയമം വ്യക്തമാക്കുന്നു.