രാഷ്ട്രപതി പരാമർശം ; ഭരണഘടനാ ബെഞ്ചിൽ എതിർത്ത് കേരളവും തമിഴ്നാടും
Wednesday, August 20, 2025 2:24 AM IST
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് മറികടക്കാനാണു കേന്ദ്രസർക്കാർ രാഷ്ട്രപതി പരാമർശം (പ്രസിഡൻഷ്യൽ റഫറൻസ്) നൽകിയതെന്നു കേരളം സുപ്രീംകോടതിയിൽ.
ബിൽ ഗവർണറുടെ പരിഗണനയ്ക്കെത്തിയാൽ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം എന്താണ് അടുത്ത നടപടി എന്നതാണു തമിഴ്നാട് ഗവർണർ ആർ.എൻ. രവിയുടെ കേസിൽ ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ഈ വർഷം ഏപ്രിൽ എട്ടിലെ ഉത്തരവിലൂടെ വ്യക്തമാക്കിയത്.
എത്രയും വേഗം എന്നതിനു സമയപരിധി ആവശ്യമാണ്. അതാണ് മുൻ ഉത്തരവിൽ വ്യക്തമാക്കിയതെന്നും കേരളം വാദിച്ചു. രാഷ്ട്രപതി പരാമർശത്തിൽ സുപ്രീംകോടതി മറുപടി നൽകരുതെന്നും കേരളം ആവശ്യപ്പെട്ടു. തമിഴ്നാടും രാഷ്ട്രപതി പരാമർശത്തെ എതിർത്തു.
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനുള്ള സമയപരിധിയുമായി ബന്ധപ്പെട്ടു നിലപാട് തേടി രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീംകോടതിയിൽ നൽകിയ പ്രസിഡൻഷ്യൽ റഫറൻസിൽ ഭരണഘടനാബെഞ്ച് ഇന്നലെ വാദം ആരംഭിച്ചപ്പോഴാണു കേരളം നിലപാട് വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്. നരസിംഹ, അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ഭരണഘടനാബെഞ്ചാണു രാഷ്ട്രപതി പരാമർശം പരിശോധിക്കുന്നത്. ബില്ലുകളിൽ തീരുമാനമെടുക്കുന്നത് ഉൾപ്പെടെ 14 ചോദ്യങ്ങളിലാണു രാഷ്ട്രപതി സുപ്രീംകോടതിയുടെ അഭിപ്രായം തേടിയത്.
രാഷ്ട്രപതി പരാമർശവുമായി ബന്ധപ്പെട്ട നിയമവശങ്ങളാണു ബെഞ്ചിന്റെ പരിഗണനയിലുള്ളതെന്നും തമിഴ്നാട് ഗവർണറുടെ കേസിനെതിരേയുള്ള വെല്ലുവിളിയല്ല പരിശോധിക്കുന്നതെന്നും കേരളത്തിന്റെയും തമിഴ്നാടിന്റെയും എതിർപ്പിനു മറുപടിയായി ചീഫ് ജസ്റ്റീസ് പറഞ്ഞു.
കോടതിയുടെ ഏതെങ്കിലും ഒരു മുൻകാല വിധിപ്രകാരമുള്ള നിയമം ശരിയായി നടപ്പാക്കുന്നില്ലെന്ന് സുപ്രീംകോടതിക്കുതന്നെ ചൂണ്ടിക്കാണിക്കാൻ സാധിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരമുള്ള അധികാരമാണിത്. എന്നാൽ ഈ അഭിപ്രായം വിധിയെ അസാധുവാക്കുന്നില്ലെന്നും വാദത്തിനിടയിൽ ജസ്റ്റീസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. വിഷയത്തിൽ ഇന്നും വാദം തുടരും.