വോട്ടർ അധികാർ യാത്ര; രാഹുലിന്റെ വാഹനം തട്ടി കോൺസ്റ്റബിളിനു പരിക്ക്
Wednesday, August 20, 2025 2:24 AM IST
നവാഡ (ബിഹാർ): ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ അപകടത്തിൽ കോൺസ്റ്റബിളിനു പരിക്ക്. രാഹുല്‍ സഞ്ചരിച്ചിരുന്ന തുറന്ന ജീപ്പിനു മുന്നിൽനിന്ന കോൺസ്റ്റബിളിന്റെ കാലിലൂടെ വാഹനം കയറിയിറങ്ങുകയായിരുന്നു.
നവാഡയിലെ ഭഗത് സിംഗ് ചൗക്കിൽ ഇന്നലെ രാവിലെയുണ്ടായ അപകടത്തിന് പിന്നാലെ മറ്റ് പോലീസുകാരും യാത്രയില്‍ പങ്കെടുക്കാനെത്തിയവരും ചേര്‍ന്ന് വാഹനം നീക്കി പോലീസുകാരനെ പുറത്തെടുത്തു.
പരിക്ക് സാരമുള്ളതല്ലെന്നു പരിശോധനയിൽ വ്യക്തമായതായി നവാഡ എസ്പി അഭിനവ് ദിമാൻ അറിയിച്ചു. പോലീസുകാരനെ പരിചരിക്കാൻ രാഹുൽ ഒപ്പമുണ്ടായിരുന്നവർക്കു നിർദേശം നൽകിയശേഷമാണു മടങ്ങിയത്.
അപകടത്തിനു പിന്നാലെ ബിജെപി നേതൃത്വം രാഹുലിനെതിരേ രൂക്ഷവിമർശനം ഉയർത്തി. രാഹുലിന്റെ വാഹനം കോണ്‍സ്റ്റബിളിനെ ഞെരിച്ചമര്‍ത്തിയെന്നും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റുവെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല ആരോപിച്ചു. കോണ്‍സ്റ്റബിളിന്റെ അവസ്ഥ മനസിലാക്കാൻ രാഹുൽ തയാറായില്ലെന്നും ആരോപണമുണ്ടായിരുന്നു.