ബിഹാർ വോട്ടർപട്ടിക; "മൂന്നു മണ്ഡലങ്ങളിൽ മാത്രം 80,000 വ്യാജ മേൽവിലാസം'
Wednesday, August 20, 2025 2:23 AM IST
ന്യൂഡൽഹി: ബിഹാറിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ മാത്രം എട്ടു ശതമാനം വോട്ടർമാർ വ്യാജ മേൽവിലാസത്തിൽ വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തൽ.
"റിപ്പോർട്ടേഴ്സ് കളക്ടീവ് ’എന്ന പത്രപ്രവർത്തക കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണു ബിഹാറിലെ പിപ്ര, ബാഗഹ, മോത്തിഹാരി എന്നീ നിയസഭാ മണ്ഡലങ്ങളിൽ മാത്രം 80,000 വോട്ടർമാർ വ്യാജ മേൽവിലാസത്തിൽ വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്.
കഴിഞ്ഞ ഒന്നിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടിക പ്രകാരം പിപ്ര മണ്ഡലത്തിൽ വ്യത്യസ്ത മതം, ജാതി എന്നിവയിൽപ്പെട്ട 509 വോട്ടർമാർ ഒരേ മേൽവിലാസത്തിൽ താമസിക്കുന്നതായി കണ്ടെത്തി. കമ്മീഷൻ രേഖപ്പെടുത്തിയിരിക്കുന്ന മേൽവിലാസം നിലവിലില്ലെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ കണ്ടെത്തലിൽ പറയുന്നു.
ഒരേ വിലാസത്തിൽ താമസിക്കുന്ന ഇരുപതോളം വോട്ടർമാരെ നിരവധി ഇടങ്ങളിൽ കണ്ടെത്താനായി. ഇത്തരത്തിലാണ് മൂന്നു മണ്ഡലങ്ങളിൽ മാത്രം 80,000 ത്തിലധികം വോട്ടർമാരെ വ്യാജ മേൽവിലാസത്തിലോ അല്ലെങ്കിൽ മേൽവിലാസമില്ലാതെയോ വോട്ടർപട്ടികയിൽ ചേർത്തിരിക്കുന്നതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
ചില മേൽവിലാസങ്ങളിൽ ഗ്രാമത്തിന്റെയോ വാർഡിന്റെയോ പേരുകൾ മാത്രമാണു കണ്ടെത്താനായത്. മറ്റൊരു മണ്ഡലമായ ബാഗയിൽ ഒരേ വിലാസത്തിൽ 100ലധികം വോട്ടർമാരുള്ള ഒന്പത് വീടുകളാണു കണ്ടെത്തിയത്. ഒരേ വിലാസത്തിൽ 248 വോട്ടർമാർ വരെ താമസിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കിയ വോട്ടർപട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണത്തിന്റെ വിശ്വാസ്യത (എസ്ഐആർ) തകർക്കുന്നതാണ് പുതിയ കണ്ടെത്തലെന്നും റിപ്പോർട്ടിൽ പറയുന്നു.