ഡൽഹി മുഖ്യമന്ത്രിക്കു നേരേ ആക്രമണം; പ്രതി പിടിയിൽ
Thursday, August 21, 2025 2:02 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരേ ആക്രമണം. ആക്രമണം നടത്തിയ ഗുജറാത്തിലെ രാജ്കോട്ട് സ്വദേശി രാജേഷ് ഭായ് കിംജി (41)യെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
മുഖ്യമന്ത്രിയുടെ വസതിയിൽ ആഴ്ചതോറും നടക്കാറുള്ള ജനസന്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയെത്തിയ പ്രതി മുഖ്യന്ത്രിയുടെ മുഖത്തടിക്കുകയും മുടിയിൽ പിടിച്ചു വലിക്കുകയും ചെയ്തുവെന്നാണു പറയുന്നത്.
രേഖ ഗുപ്ത ജനങ്ങളുടെ പരാതികൾ ശ്രവിച്ചുകൊണ്ടിരിക്കെ പ്രതി പെട്ടെന്നു മുന്നോട്ടു കയറിവന്ന് ഒരു കടലാസ് കഷണം മുഖ്യമന്ത്രിക്കു നൽകി. അതിനുശേഷം ഉച്ചത്തിൽ സംസാരിച്ചുതുടങ്ങുകയും അസഭ്യം പറയുകയും ചെയ്തതിനുശേഷമാണ് മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്തത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അക്രമിയെ കീഴ്പ്പെടുത്തുകയും പോലീസിനു കൈമാറുകയും ചെയ്തു. തലയ്ക്കു ചെറിയ പരിക്കേറ്റ രേഖയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രേഖയുടെ മുഖത്ത് അക്രമി അടിച്ചുവെന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നതെങ്കിലും മുഖത്തടിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കപ്പെടുന്നത് ഊതിപ്പെരുപ്പിച്ചതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
അതിനിടെ, പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണെന്ന് രാജ്കോട്ട് പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതിയുടെ അമ്മ പറഞ്ഞു. തെരുവുനായ് ശല്യത്തെപ്പറ്റി അടുത്തിടെയുണ്ടായ സുപ്രീംകോടതി വിധി മൃഗസ്നേഹിയായ മകനെ അസ്വസ്ഥനാക്കിയിരുന്നുവെന്നും ഡൽഹി മുഖ്യമന്ത്രിയുടെ വസതിയിലേക്കു പോകുമെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും പ്രതിയുടെ അമ്മ പോലീസിനോടു വിവരിച്ചു.