അധികതീരുവ വിഷയത്തിൽ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി; ട്രംപ് ഇന്ത്യക്ക് തീരുവ ചുമത്തിയത് യുക്രെയ്ൻ-റഷ്യ യുദ്ധം തീർക്കാൻ
Thursday, August 21, 2025 2:03 AM IST
ന്യൂഡൽഹി: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുക ലക്ഷ്യമിട്ടാണ് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇന്ത്യക്കെതിരേ അധികതീരുവ പ്രഖ്യാപിച്ചതെന്ന് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലിവിറ്റ്.
നാലുവർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനു യുഎസ് പ്രസിഡന്റിനുമേൽ കനത്ത സമ്മർദം നിലനിൽക്കുന്നുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് അദ്ദേഹവും ആഗ്രഹിക്കുന്നു. സാധ്യമായ വേഗത്തിൽ യുദ്ധം അവസാനിപ്പിക്കുക എന്നതാണു പ്രസിഡന്റ് ലക്ഷ്യമിട്ടതെന്നും അവർ വ്യക്തമാക്കി.
അതിനിടെ, റഷ്യൻ എണ്ണ പുനർവിൽപ്പന നടത്തി ഇന്ത്യ ലാഭമുണ്ടാക്കുകയാണെന്ന് സിഎൻബിസിക്കു നൽകിയ അഭിമുഖത്തിൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബിസെന്റും ആരോപിച്ചിരുന്നു.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിലുള്ള 25 ശതമാനം ഉൾപ്പെടെ അന്പതു ശതമാനം നികുതി ചുമത്തിയ യുഎസ് നടപടി ഈ മാസം 27 നാണു പ്രാബല്യത്തിൽ വരിക. 2022 ഫെബ്രുവരിയിലാണു യുക്രെയ്നെ റഷ്യ ആക്രമിച്ചത്.
തീരുവ നീതീകരിക്കാനാവാത്തതാണെന്ന് ഇന്ത്യ വാദിക്കുന്നു. മറ്റ് പ്രമുഖ സന്പദ്വ്യവസ്ഥപോലെ ദേശീയതാത്പര്യവും സാന്പത്തികഭദ്രതയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.