വിവാദ ബില്ല്: അമിത് ഷായുടെ അറസ്റ്റ് പരാമർശിച്ച് കെ.സി. വേണുഗോപാൽ
Thursday, August 21, 2025 2:02 AM IST
ന്യൂഡൽഹി: അറസ്റ്റിലാകുന്ന മന്ത്രിമാരെ പദവിയിൽനിന്നു നീക്കം ചെയ്യുന്ന ബിൽ ലോക്സഭയിൽ ചർച്ച ചെയ്യുന്നതിനിടെ ഗുജറാത്തിന്റെ ആഭ്യന്തര സഹമന്ത്രിയായിരിക്കെ അമിത് ഷായും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്ന സൊഹ്റാബുദ്ദീൻ ഷെയ്ഖിനെയും ഭാര്യ കൗസർബിയെയും 2005 നവംബറിൽ ഗുജറാത്ത് ഭീകരവിരുദ്ധ സ്കാഡ് (എടിഎസ്) തട്ടിക്കൊണ്ടുപോയി വധിച്ചെന്ന കേസാണ് കെ.സി. വേണുഗോപാൽ സഭയിൽ പരാമർശിച്ചത്. അന്നത്തെ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിയായിരുന്ന അമിത് ഷായാണു വ്യാജ ഏറ്റുമുട്ടലിലൂടെ സൊഹ്റാബുദ്ദീനെ വധിക്കാൻ പദ്ധതിയിട്ടതെന്നാരോപിച്ച് സിബിഐ അമിത് ഷായെ 2010 ജൂലൈയിൽ അറസ്റ്റ് ചെയ്യുകയും, മൂന്നുമാസം ജയിലിൽ കിടന്ന അദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിടുകയുമായിരുന്നു. പിന്നീട് 2014ൽ സിബിഐ പ്രത്യേക കോടതി ഷായെ കുറ്റവിമുക്തനാക്കുകയുമായിരുന്നു.
എന്നാൽ, കെ.സി. വേണുഗോപാലിനുശേഷം സഭയിൽ സംസാരിച്ച അമിത് ഷാ, അറസ്റ്റിനുമുന്പ് താൻ മന്ത്രിപദവി രാജി വച്ചിരുന്നുവെന്നും തനിക്കെതിരേയുള്ള കുറ്റാരോപണങ്ങൾ വ്യാജമായിരുന്നുവെന്നും തിരിച്ചടിച്ചു.
ഭരണഘടനാ മൂല്യങ്ങളോടു ബഹുമാനമുള്ളതുകൊണ്ടാണ് താൻ രാജിവച്ചതെന്നും കോടതി തന്നെ വെറുതെ വിടുന്നതുവരെ താൻ മറ്റു പദവികളൊന്നും ഏറ്റെടുത്തിട്ടില്ലെന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.