വിവാദ ബില്ല്: ആദ്യം പിന്തുണച്ചും പിന്നീട് എതിർത്തും തരൂർ
Thursday, August 21, 2025 2:02 AM IST
ന്യൂഡൽഹി: ഗുരുതര കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു 30 ദിവസമെങ്കിലും കസ്റ്റഡിയിൽ കഴിഞ്ഞ മന്ത്രിമാരെ നീക്കം ചെയ്യുന്ന ബില്ലിനെ അനുകൂലിച്ച് ആദ്യം പ്രതികരണം നടത്തിയ കോൺഗ്രസ് എംപി ശശി തരൂർ പിന്നീട് തിരുത്തി.
വിവാദ ബില്ലിനെപ്പറ്റിയുള്ള പ്രതികരണം ആരാഞ്ഞപ്പോൾ ബില്ലിനെപ്പറ്റി താൻ പൂർണമായി പഠിച്ചിട്ടില്ലെന്നും എന്നാൽ, ബില്ലിന്റെ അടിസ്ഥാനസ്വഭാവം ന്യായമാണെന്ന് തോന്നുന്നുവെന്നുമാണ് തരൂർ മാധ്യമങ്ങളോടു പ്രതികരിച്ചത്.
തെറ്റ് ചെയ്യുന്നത് ആരായാലും അവർക്കു ശിക്ഷ ലഭിക്കണമെന്നും അവർ ഭരണഘടനാ സ്ഥാപനങ്ങളിലെയോ രാഷ്ട്രീയ കാര്യാലയങ്ങളിലെയോ ഉന്നതപദവികൾ വഹിക്കരുതെന്നുമുള്ള ബില്ലിന്റെ അടിസ്ഥാനതത്വം യുക്തിപരമാണെന്ന് തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബില്ലിനെ തരൂർ അനുകൂലിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് തരൂർ എക്സിൽ വിശദീകരിച്ചു. ബില്ലിൽ പ്രതിപക്ഷം നിലപാട് എടുക്കുന്നതിനുമുന്പ് താൻ നടത്തിയ പ്രതികരണത്തിൽ ബില്ലിനെപ്പറ്റി പഠിച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നുവെന്നും ബില്ലിന്റെ മുഖവുരയിൽ തെറ്റൊന്നും കണ്ടെത്താൻ കഴിയുന്നില്ലെന്നായിരുന്നു തന്റെ പ്രതികരണമെന്നും തരൂർ എക്സിൽ കുറിച്ചു.