കർണാടകയിൽ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Thursday, August 21, 2025 2:03 AM IST
ചിത്രദുർഗ: കർണാടകയിലെ ചിത്രദുർഗയിൽനിന്ന് കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ ദേശീയപാത 48 നു സമീപം വയലിൽ കണ്ടെത്തി.
സർക്കാർ കോളജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയുടെ മൃതദേഹമാണു കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. കോളജ് ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന വിദ്യാർഥിനി 14 ന് ഹോസ്റ്റലിൽ അവധിയപേക്ഷ നൽകി പുറത്തു പോയിരുന്നു. പിന്നീട് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെ ചൊവ്വാഴ്ച വൈകുന്നേരം വഴിയാത്രക്കാരാണു മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ കൊലപ്പെടുത്തിയശേഷം തീ കൊളുത്തിയതെന്നാണു സംശയം.
വിദ്യാർഥിനിക്ക് ആൺസുഹൃത്ത് ഉണ്ടായിരുന്നു. ഏതാനും നാളുകളായി ഇരുവരും അസ്വാരസ്യത്തിലായിരുന്നുവെന്നും പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.