ഇന്ത്യ മുന്നണി അഴിമതിക്കും നുഴഞ്ഞുകയറ്റത്തിനും സംരക്ഷണം നൽകുന്നുവെന്ന് മോദി
Saturday, August 23, 2025 1:58 AM IST
ഗയാജി: അധികാരത്തിന്റെ ഉന്നതശ്രേണിയിൽനിന്ന് അഴിമതി തുടച്ചുനീക്കാനും രാജ്യത്തെ നുഴഞ്ഞുകയറ്റ ഭീഷണിയിൽനിന്നു രക്ഷിക്കാനും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന എല്ലാ നടപടികളെയും ഇന്ത്യ സഖ്യം എതിർക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ബിഹാറിലെ വോട്ടർപട്ടികയുടെ സമഗ്ര പുനഃപരിശോധനയും ഭരണഘടനയുടെ 130-ാമത് ഭേദഗതി ബില്ലും പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു മോദിയുടെ വാക്കുകൾ.
ജയിലിൽ കിടന്ന് ഭരിക്കുന്നവരെയും അഴികൾക്കുള്ളിൽനിന്ന് ഫയലുകൾ ഒപ്പിടുന്നവരെയും ഭരണഘടനയുടെ ഔചിത്യം പിച്ചിച്ചീന്തുന്നവരെയും നാം കണ്ടുവെന്നും, മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ഒളിയന്പെയ്ത മോദി, തന്റെ 11 വർഷം നീണ്ട ഭരണകാലയളവിൽ അഴിമതിയുടെ കറയില്ലെന്നും അവകാശപ്പെട്ടു.
അഴിമതിയിൽ മുങ്ങിയ കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാരുകളുടെയും ബിഹാറിലെ ആർജെഡി സർക്കാരിന്റെയും കഥ തെരുവിൽ എല്ലാവർക്കും സുപരിചിതം. ഇതിനു തടയിടാനാണ് ജയിലിലായ ഭരണകർത്താക്കളെ പുറത്താക്കാനുള്ള നിയമം കൊണ്ടുവരാനൊരുങ്ങുന്നത്.
അപ്പോൾ, ആർജെഡിയും കോൺഗ്രസും ഇടത് പാർട്ടികളും ഭയപ്പെടുകയാണ്. വോട്ട് ബാങ്കിനു വേണ്ടി അവർ നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുകയാണെന്ന് ബിഹാറിലെ ഗയാജിയിൽ നടന്ന റാലിയിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.