ഗഗൻയാൻ പരീക്ഷണദൗത്യം ഡിസംബറിൽ
Friday, August 22, 2025 2:17 AM IST
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ‘ഗഗൻയാൻ’ ദൗത്യത്തിന്റെ ആദ്യപരീക്ഷണം ഈ വർഷം ഡിസംബറിൽ നടക്കുമെന്നു സ്ഥിരീകരിച്ച് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ.
ഗഗൻയാൻ ദൗത്യത്തിന്റെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശനിലയം (ഐഎസ്എസ്) സന്ദർശിച്ചു തിരിച്ചുവന്നതിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഐഎസ്ആർഒ മേധാവിയുടെ പ്രഖ്യാപനം. ചരിത്രം കുറിക്കുന്ന ഗഗൻയാൻ ദൗത്യത്തിനായി ഇന്ത്യ തയാറാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ശുഭാംശുവും പറഞ്ഞു.
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി താൻ നടത്തിയ ബഹിരാകാശയാത്രയിലെ അനുഭവങ്ങൾ ഗഗൻയാൻ ദൗത്യത്തിനു മുതൽക്കൂട്ടാകുമെന്ന് ശുഭാംശു വ്യക്തമാക്കി.
ഭൂമിയിൽ നടത്തിയ ഏതൊരു പരീക്ഷണങ്ങളെക്കാളും വിലമതിക്കാനാകാത്ത അനുഭവമാണ് ഭൂമിയുടെ ഭ്രമണപഥത്തിലായിരിക്കുന്പോഴെന്നു വ്യക്തമാക്കിയ ശുഭാംശു, ഐഎസ്എസ് യാത്രയ്ക്കിടെ താൻ ഒരു വർഷം പഠിച്ച കാര്യങ്ങൾ ഗഗൻയാൻ ദൗത്യത്തെ കൂടുതൽ ഫലപ്രദമാക്കുമെന്നും കൂട്ടിച്ചേർത്തു.
മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതിയിൽ ഇന്ത്യ തയാറായിക്കഴിഞ്ഞുവെന്ന് ഗഗൻയാൻ ദൗത്യസംഘത്തിൽ ഉൾപ്പെട്ട മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായരും വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
രാജ്യത്തിന്റെ സ്വന്തം ബഹിരാകാശനിലയം അടക്കമുള്ള പദ്ധതികളിലേക്ക് വാതിൽ തുറക്കുന്ന ഗഗൻയാൻ ദൗത്യം 2027ൽ നടപ്പിലാക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. ഇതിനു മുന്നോടിയായുള്ള പരീക്ഷണദൗത്യമാണ് ഡിസംബറിൽ നടത്തുക.