ധർമസ്ഥല വിവാദം തമിഴ്നാട് കോൺഗ്രസ് എംപിയുടെ ഗൂഢാലോചനയെന്ന്
Friday, August 22, 2025 2:17 AM IST
ബംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹങ്ങൾ കുഴിച്ചുമൂടിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് തമിഴ്നാട് എംപി ശശികാന്ത് സെന്തിൽ ആണെന്ന് ബിജെപി എംഎൽഎ ജി. ജനാർദന റെഡ്ഢി ആരോപിച്ചു.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ ശശികാന്ത് തിരുവള്ളൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് എംപിയാണ്.
ഗൂഢാലോചനയുമായി ബന്ധമില്ലെങ്കിൽ അന്വേഷണം നേരിടാൻ തയാറുണ്ടോയെന്നും റെഡ്ഢി വെല്ലുവിളിച്ചു. താൻ കർണാടകയിലെ ബെല്ലാരിയിൽ അസിസ്റ്റന്റ് കമ്മീഷണർ ആയിരിക്കവേ, ജനാർദന റെഡ്ഢിക്കെതിരേയുള്ള ചില കേസുകളുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കിയതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്ന് ശശികാന്ത് സെന്തിൽ വാദിക്കുന്നുണ്ട്.
എന്നാൽ, ഇത് കള്ളമാണെന്നും ബെല്ലാരിയിൽ തനിക്കെതിരേ ഖനനവുമായി ബന്ധപ്പെട്ട കേസ് നിലനിന്നിരുന്ന കാലത്ത് ശശികാന്ത് അസിസ്റ്റന്റ് കമ്മീഷണർ ആയിരുന്നില്ലെന്നും റെഡ്ഢി പറഞ്ഞു.