ബിജെപി പ്രത്യയശാസ്ത്ര ശത്രു: വിജയ്
Friday, August 22, 2025 2:17 AM IST
മധുര: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ടിവികെ പുതിയ അധ്യായം രചിക്കുമെന്ന് പാർട്ടി അധ്യക്ഷനും നടനുമായ വിജയ്.
കുറക്കന്മാരെപ്പോലെ കാട്ടിൽ നിരവധി മൃഗങ്ങൾ ഉണ്ടെങ്കിലും സിംഹം എപ്പോഴും സിംഹമാണ്. കാട്ടിലെ രാജാവാണെന്നും വിജയ് പറഞ്ഞു.
തമിഴകം വെട്രി കഴകം രണ്ടാം സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തങ്ങളെ കുറച്ചുകാണരുത്, സമ്മേളനത്തിൽ എത്തുന്ന ആളുകൾ വോട്ട് ചെയ്യുക മാത്രമല്ല, ജനവിരുദ്ധ സർക്കാരിനു തിരിച്ചടി നൽകുകയും ചെയ്യും.
ടിവികെയുടെ പ്രത്യയശാസ്ത്രപരമായ ഒരേയൊരു ശത്രു ബിജെപിയാണെന്നും ഏക രാഷ്ട്രീയശത്രു ഡിഎംകെയാണെന്നും വിജയ് പറഞ്ഞു.
ടിവികെയുടെ രാഷ്ട്രീയം യഥാർഥവും വൈകാരികവും ജനങ്ങളുടെ പുരോഗതിക്ക് വേണ്ടിയുള്ളതാണ്, അവർക്ക് നന്മ ചെയ്യുന്നതിനു വേണ്ടി മാത്രമാണെന്നും വിജയ് പറഞ്ഞു.
1967, 1977 തെരഞ്ഞെടുപ്പുകളിലെന്നപോലെ, 2026ലും തമിഴ്നാട് രാഷ്ട്രീയം വലിയ രാഷ്ട്രീയ മാറ്റങ്ങൾക്കു സാക്ഷ്യംവഹിക്കും. അത്തരമൊരു മനോഹര ചരിത്രം ആവർത്തിക്കും- അദ്ദേഹം പറഞ്ഞു.