വയനാടിനു സഹായം: സിദ്ധരാമയ്യയ്ക്കെതിരേ ബിജെപി
Friday, August 22, 2025 2:17 AM IST
ബംഗളൂരു: പ്രിയങ്ക ഗാന്ധി ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന വയനാട് മണ്ഡലത്തിനായി പത്തു കോടി നീക്കിവച്ച കർണാടക സർക്കാരിന്റെ നടപടിയെ ചോദ്യംചെയ്ത് ബിജെപി രംഗത്തെത്തി. സിദ്ധരാമയ്യ കേരളത്തിന്റെ മുഖ്യമന്ത്രിയാണെന്നു കർണാടകയിലെ പ്രതിപക്ഷ നേതാവ് ആർ.അശോക പരിഹസിച്ചു.
കന്നഡിഗർ മലയാളികളെ പോലെ ഭാഗ്യം ചെയ്തവർ ആയിരുന്നെങ്കിൽ കർണാടകയിലെ എല്ലാ മണ്ഡലങ്ങൾക്കും ധാരാളം ധനസഹായം ലഭിച്ചേനെയെന്ന് അശോക എക്സിൽ കുറിച്ചു.ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും മുഖ്യമന്ത്രിയെ വിമർശിച്ചു.
“എന്റെ നികുതി, എന്റെ അവകാശമെന്ന് ഡൽഹിയിൽ മുദ്രാവാക്യം മുഴക്കിയ സിദ്ധരാമയ്യതന്നെ കന്നഡിഗരുടെ നികുതിപ്പണമായ പത്തു കോടി രൂപ വയനാട്ടിലേക്കു വകമാറ്റിയിരിക്കുന്നു.
വയനാട് പ്രിയങ്കയുടെ മണ്ഡലമായതു മാത്രമാണ് കാരണം’’- വിജയേന്ദ്ര പറഞ്ഞു.
എന്നാൽ, അയൽക്കാരോടു മനുഷ്യത്വം കാണിക്കാൻ സാധിക്കുന്നുവെന്നതിൽ കന്നഡിഗർ അഭിമാനിക്കുകയാണു വേണ്ടതെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു.