സ്വരാജ് പോൾ അന്തരിച്ചു
Saturday, August 23, 2025 1:58 AM IST
ന്യൂഡൽഹി: യുകെയിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായ ലോർഡ് സ്വരാജ് പോൾ (94) അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം ലണ്ടനിലായിരുന്നു അന്ത്യം. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് കന്പനീസിന്റെ സ്ഥാപകനാണ്. ബ്രിട്ടൻ പ്രഭു പദവി നല്കി സ്വരാജ് പോളിനെ ആദരിച്ചു.
പഞ്ചാബിലെ ജലന്ധറിൽ 1931 ഫെബ്രുവരി 18നാണ് സ്വരാജ് പോൾ ജനിച്ചത്. പഞ്ചാബ് യൂണിവേഴ്സിറ്റിയിൽനിന്നു ബിരുദം നേടിയ സ്വരാജ് പോൾ മാസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐറ്റി)യിൽനിന്നു മെക്കാനിക്കൽ എൻജിനിയറിംഗിൽ മാസ്റ്റേഴ്സ് ബിരുദം നേടി. തുടർന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ സ്വരാജ് പോൾ കുടുംബ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
1966ൽ മകൾ അംബികയുടെ ചികിത്സാർഥം യുകെയിലെത്തി. എന്നാൽ, ലുക്കീമിയ ബാധിതയായ മകൾ നാലാം വയസിൽ മരിച്ചു. തുടർന്ന് അംബിക പോൾ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ് സ്വരാജ് പോൾ ആരംഭിച്ചു. ലക്ഷക്കണക്കിനു കുട്ടികൾക്കും ചെറുപ്പക്കാർക്കും അംബിക പോൾ ഫൗണ്ടേഷൻ വഴി സഹായം ലഭിച്ചു. 1968ൽ കാപാറോ എന്ന സ്റ്റീൽ കന്പനിക്കു തുടക്കം കുറിച്ചു. നിലവിൽ 100 കോടി ഡോളർ ടേണോവറുള്ള കന്പനിയാണ് കാപാറോ. മക്കളായ അംബർ, ആകാശ്, അഞ്ജലി പോൾ എന്നിവരാണു ബിസിനസ് നടത്തിവരുന്നത്.
2015ൽ മകൻ അംഗദ് പോളും 2022ൽ സ്വരാജ് പോളിന്റെ ഭാര്യ അരുണയും അന്തരിച്ചു. ഇവരുടെ സ്മരണയ്ക്കായി സ്വരാജ് പോൾ ധാരാളം സേവനങ്ങൾ ചെയ്തിരുന്നു. ഭാര്യയുടെ മരണശേഷം അംബിക പോൾ എന്നാണ് ഫൗണ്ടേഷന്റെ പേര്.
സൺഡേ ടൈംസിന്റെ സന്പന്നപട്ടികയിൽ സ്ഥിരമായി ഇടം നേടുന്നയാളാണ് സ്വരാജ് പോൾ. ഈ വർഷം 81-ാം സ്ഥാനമായിരുന്നു ഇദ്ദേഹത്തിന്.