നിമിഷപ്രിയ കേസ്: സ്ഥിരീകരിക്കാത്ത പൊതുപ്രസ്താവനകൾ തടയണമെന്ന ഹർജി സ്വീകരിച്ച് സുപ്രീംകോടതി
Saturday, August 23, 2025 1:58 AM IST
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുമായി ബന്ധപ്പെട്ടുള്ള പൊതുപ്രസ്താവനകൾ നൽകുന്നതിൽനിന്നു വ്യക്തികളെയും സംഘടനകളെയും വിലക്കണമെന്ന ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.
ഹർജിയുടെ പകർപ്പ് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിക്കു നൽകാൻ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരുടെ ബെഞ്ച് ഹർജിക്കാരനോടു നിർദേശിച്ചു. ഹർജിയിൽ 25ന് വാദം കേൾക്കും. ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സംഘടനയുടെ സ്ഥാപകൻ കെ.എ. പോൾ സുപ്രീംകോടതിയിൽ നേരിട്ടെത്തിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി യെമനിലായിരുന്ന തനിക്കു നിമിഷപ്രിയയിൽനിന്ന് ഞെട്ടിക്കുന്ന ഒരു കത്ത് കിട്ടിയെന്ന് കെ.എ. പോൾ സുപ്രീം കോടതിയിൽ പറഞ്ഞു. യെമനിലെ ഹൂതി ഭരണകൂടവുമായും നിമിഷപ്രിയയുടെ കുടുംബവുമായും താൻ സംസാരിച്ചുവെന്നും വിഷയത്തിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്തുന്നതിനുള്ള നിയമ ഇടപെടലിനായി നിമിഷപ്രിയ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹർജിക്കാരൻ അവകാശപ്പെട്ടു.
ഈ മാസം 24നോ 25നോ നിമിഷപ്രിയയെ തൂക്കിലേറ്റാനുള്ള സാധ്യതയുണ്ടെന്നും നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കെ ചിലർ വ്യാജ പ്രസ്താവനകൾ നൽകുകയാണെന്നും അതിനാലാണു മാധ്യമങ്ങളെ വിലക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും കെ.എ. പോൾ വിശദീകരിച്ചു.
നിമിഷപ്രിയയ്ക്കു നിയമസഹായം ലഭ്യമാക്കുന്ന സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്സിൽ നൽകിയ സമാനഹർജിയുമായി പ്രസ്തുത ഹർജി കൂട്ടിച്ചേർക്കുമെന്ന് കോടതി അറിയിച്ചു.
മോചനദ്രവ്യത്തിനെന്ന പേരിൽ വ്യാജ പണപ്പിരിവ് നടത്തുന്നുവെന്നാരോപിച്ച് കെ.എ. പോളിനെതിരേ പരാതി ഉയർന്നതിനു പിന്നാലെയാണു ഹർജി. കെ.എ. പോളിന്റെ എക്സ് അക്കൗണ്ടിൽനിന്നു നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക വിദേശകാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കു സംഭാവന ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിനുപിന്നാലെ സർക്കാരിന്റെ അക്കൗണ്ടിലേക്ക് ഇത്തരം സംഭാവനകൾ സ്വീകരിക്കുന്നില്ലെന്നു വ്യക്തമാക്കി വസ്തുതാപരിശോധനാ വിഭാഗം രംഗത്തു വന്നിരുന്നു.