സിദ്ധാർഥ് വരദരാജനും കരണ്‍ ഥാപ്പറിനും ഇടക്കാല സംരക്ഷണം
Saturday, August 23, 2025 1:58 AM IST
ന്യൂഡൽഹി: ഓണ്‍ലൈൻ വാർത്താ മാധ്യമമായ "ദ വയറി’ന്റെ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും കണ്‍സൾട്ടിംഗ് എഡിറ്റർ കരണ്‍ ഥാപ്പറിനുമെതിരേ ആസാം പോലീസ് പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിൽനിന്ന് ഇടക്കാല സംരക്ഷണം നൽകി സുപ്രീംകോടതി.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടു പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയുള്ള എഫ്ഐആറിലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്തോനേഷ്യയിലെ ഇന്ത്യൻ പ്രതിരോധ അറ്റാഷെയുടെ വെളിപ്പെടുത്തലിൽ രാഷ്ട്രീയനേതൃത്വത്തെ വിമർശിച്ചുകൊണ്ടുള്ള ലേഖനത്തിന്റെ പേരിലായിരുന്നു കേസ്.
ഭാരതീയ ന്യായ് സംഹിതയിലെ (ബിഎൻഎസ്) സെക്ഷൻ 152 പ്രകാരമാണ് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തത്. ആസാം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിർബന്ധിത നടപടി കോടതി തടഞ്ഞെങ്കിലും ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഇരുവർക്കുമെതിരേ കോടതി സമൻസ് അയച്ചു. ലേഖനമെഴുതിയതിന്റെ പേരിൽ എങ്ങനെ രാജ്യദ്രോഹക്കുറ്റം ചുമത്താൻ സാധിക്കുമെന്ന് നേരത്തേ കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.