ബിഹാറിലെത്തിയ മോദി വോട്ട് കൊള്ളയെക്കുറിച്ച് ഒന്നും പറഞ്ഞില്ല: രാഹുൽ
Saturday, August 23, 2025 1:58 AM IST
ഭഗൽപുർ: തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് വോട്ട് കൊള്ള നടത്തിയതിനെക്കുറിച്ച് ബിഹാറിലെത്തിയ പ്രധാനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ലെന്നു കുറ്റപ്പെടുത്തി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. വോട്ടർ അധികാർ യാത്രയുടെ ഭാഗമായി ഭഗൽപുരിൽ നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ബിഹാറിലെ എസ്ഐആറിനെയും രാഹുൽ രൂക്ഷമായി വിമർശിച്ചു. ""നിങ്ങളുടെ വോട്ട് തട്ടാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ശ്രമമാണ് എസ്ഐആർ.
നിങ്ങളുടെ വോട്ടവകാശം തട്ടിയെടുക്കാനുള്ള ശ്രമമാണു നടക്കുന്നത്. വോട്ട് കള്ളൻ ഗയാജിയിലെത്തിയിട്ടും ഒരക്ഷരം പോലും പറഞ്ഞില്ല. ഇന്ത്യയുടെ ഭരണഘടനയ്ക്കു നേർക്കുള്ള ആക്രമണമാണു വോട്ട് കൊള്ള. ബിഹാർ ജനതയുടെ വോട്ടവകാശം തട്ടിയെടുക്കാൻ ഇന്ത്യ മുന്നണി അനുവദിക്കില്ല’’ -രാഹുൽഗാന്ധി പറഞ്ഞു.