ബിജെപി സർക്കാരും ഇലക്ഷൻ കമ്മീഷനും കൂട്ടുകച്ചവടം നടത്തുന്നു: രാഹുൽ ഗാന്ധി
Monday, August 25, 2025 2:24 AM IST
അരാരിയ: കേന്ദ്രത്തിലെ ബിജെപി സർക്കാരുമായി ഇലക്ഷൻ കമ്മീഷനു കൂട്ടുകച്ചവടമുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിഹാറിൽ പ്രത്യേക വോട്ടർപട്ടിക പരിഷ്കരണത്തിന്റെ മറവിൽ നടക്കുന്ന വോട്ട് മോഷണം തടയുമെന്ന് രാഹുൽ പറഞ്ഞു.""മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളിൽ വോട്ടുകൾ മോഷ്ടിക്കപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ എന്നോട് തെരഞ്ഞെടുപ്പ് കമ്മീഷൻ സത്യവാങ്മൂലം ആവശ്യപ്പെട്ടു.
എന്നാൽ ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും അദ്ദേഹത്തോട് സത്യവാങ്മൂലം ആവശ്യപ്പെട്ടില്ല. ബിഹാറിൽ കരട് വോട്ടർപട്ടികയിൽനിന്ന് 65 ലക്ഷം പേരുകൾ നീക്കം ചെയ്യപ്പെട്ടിട്ടും ബിജെപിക്ക് ആവലാതിയുമുണ്ടായില്ല. ഇതെല്ലാം ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള രഹസ്യ കൂട്ടുകച്ചവടത്തിലേക്ക് വിരൽ ചൂണ്ടുന്നു’’- രാഹുൽ പറഞ്ഞു.
വോട്ടർ അധികാർ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച
പൂർണിയ (ബിഹാർ): ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രയ്ക്കിടെ സുരക്ഷാ വീഴ്ച. ബൈക്ക് റാലിക്കിടെ രാഹുൽ ഗാന്ധിയെ അജ്ഞാതനായൊരാൾ കെട്ടിപ്പിടിക്കുകയും തോളിൽ ചുംബിക്കുകയുമായിരുന്നു.
പൂർണിയ ജില്ലയിലായിരുന്നു സംഭവം. അരാരിയയിലേക്കുള്ള ബൈക്ക് റാലിക്കിടെയാണ് അജ്ഞാതൻ ചാടിവീണ് കെട്ടിപ്പിടിച്ചത്. ആർജെഡി നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ ബൈക്ക് റാലിയിൽ പങ്കെടുത്തിരുന്നു. അജ്ഞാതന്റെ സ്നേഹപ്രകടനത്തിൽ രാഹുൽ നിയന്ത്രണം തെറ്റി ബൈക്കിൽനിന്നു വീഴാൻതുടങ്ങിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടിച്ചുമാറ്റി.