മണിപ്പുർ കലാപം ആസൂത്രിതം; ഭരണഘടനാപരമായ കടമകൾ നിറവേറ്റുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് പിയുസിഎ
Monday, August 25, 2025 2:24 AM IST
ഇംഫാൽ: മണിപ്പുരിൽ 2023 മേയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട കലാപം സ്വമേധയാ സംഭവിച്ചതല്ലെന്നും, ആസൂത്രിതവും വംശീയമായി ലക്ഷ്യമിട്ടുള്ളതുമായിരുന്നുവെന്നും റിപ്പോർട്ട്. സ്വതന്ത്ര മനുഷ്യാവകാശ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) മണിപ്പുരിലെ സംഘർഷം അന്വേഷിക്കുന്നതിനായി 2024ൽ സ്ഥാപിച്ച സ്വതന്ത്ര ജനകീയ ട്രൈബ്യൂണലിന്റെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. കഴിഞ്ഞ 20നാണ് ട്രൈബ്യൂണൽ 694 പേജുള്ള റിപ്പോർട്ട് പുറത്തിറക്കിയത്.
സംരക്ഷിക്കേണ്ട സംസ്ഥാന ഭരണകൂടം നിസംഗത പാലിച്ചതിന്റെയും സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരായതിന്റെയും കഥകളാണ് അതിജീവിതരിൽനിന്നു ട്രൈബ്യൂണലിനു കേൾക്കാനായത്. സംസ്ഥാനം നിയമവാഴ്ചയ്ക്കും ഭരണഘടനയ്ക്കും കീഴിൽ തുടരുന്നുവെന്ന് ഉറപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടുവെന്നും ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടുന്നു.
കലാപത്തെ അതിജീവിച്ച പലരും വിശ്വസിക്കുന്നത് സംസ്ഥാനസർക്കാർ അക്രമം അനുവദിക്കുകയോ അതിൽ പങ്കെടുക്കുകയോ ചെയ്തുവെന്നാണ്. ട്രൈബ്യൂണലിനു മുന്പാകെ സമർപ്പിച്ച വൻതോതിലുള്ള തെളിവുകൾ അക്രമത്തിന്റെ ഭീകരവും വ്യവസ്ഥാപിതവുമായ സ്വഭാവം, തീവ്രവാദ ഗ്രൂപ്പുകളുടെ പങ്ക്, സംസ്ഥാനസർക്കാർ സ്ഥാപനങ്ങളുടെ പരാജയം, തുടർന്നുണ്ടായ വലിയ മാനുഷിക പ്രത്യാഘാതങ്ങൾ എന്നിവ തുറന്നുകാട്ടുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. ""ഞങ്ങൾ കേട്ട ശബ്ദങ്ങൾ ആസൂത്രിതമായ നിയമലംഘനത്തിന്റെയും പ്രത്യേക ലക്ഷ്യത്തോടെയുള്ള ക്രൂരതയുടെയും ചിത്രം വരച്ചുകാട്ടുന്നു’’വെന്നാണ് ജൂറി വിവരിച്ചത്.
കലാപത്തിൽ അരാംബായി തെങ്കോൾ, മെയ്തേയ് ലീപുൻ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളുടെ പങ്കും ഈ സംഘടനകളിലെ അംഗങ്ങൾ കാര്യമായി അറസ്റ്റ് ചെയ്യപ്പെടാത്തതും ട്രൈബ്യൂണൽ എടുത്തുപറയുന്നു. പക്ഷപാതപരമായ റിപ്പോർട്ടിംഗിലൂടെയും പ്രത്യേകിച്ച് ഡിജിറ്റൽ, സോഷ്യൽ മീഡിയകളിൽ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതിലൂടെയും മാധ്യമങ്ങൾ പിരിമുറുക്കം വർധിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
60,000ത്തിലധികം ആളുകൾ ക്യാന്പുകളിൽ
27 മാസത്തെ അക്രമങ്ങൾക്കുശേഷവും 60,000ത്തിലധികം ആളുകൾ ഇപ്പോഴും ദുരിതസാഹചര്യങ്ങളിൽ ക്യാമ്പുകളിൽ കഴിയുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധി റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
വംശീയ വിഭജനം, സാമൂഹിക-രാഷ്ട്രീയ പാർശ്വവത്കരണം, ഭൂമി തർക്കങ്ങൾ തുടങ്ങിയ ചരിത്രപരമായ ഘടകങ്ങൾക്കു പുറമെ മെയ്തെയ്, കുക്കി സോ വിഭാഗങ്ങൾക്കിടയിൽ അവിശ്വാസത്തിന്റെയും ശത്രുതയുടെയും വികാരങ്ങൾ വർധിക്കുന്നതിലേക്കു നയിച്ചത് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ നടത്തിയ വ്യവസ്ഥാപിത വിദ്വേഷ പ്രചാരണവും സംഘർഷത്തിന്റെ മുന്നോടിയായി രാഷ്ട്രീയനേതൃത്വം നടത്തിയ പ്രസ്താവനകളുമാണെന്ന് റിപ്പോർട്ട് പറയുന്നു.
ബിരേൻ സിംഗിനെതിരേയും പരാമർശം
അന്നത്തെ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ ""മയക്കുമരുന്നിനെതിരായ യുദ്ധം’’എന്ന പ്രസ്താവനയും ഈ പ്രസ്താവന ഏറ്റുപിടിച്ച് കുക്കികൾ പോപ്പി കൃഷിയിൽ പങ്കാളികളായിരുന്നുവെന്ന വാദവും കുക്കികൾക്കെതിരായ ജനകീയ പ്രചാരണമായി മാറിയെന്ന് റിപ്പോർട്ട് പറയുന്നു.ജുഡീഷറി, പാർലമെന്റ്, പൊതുസമൂഹം എന്നിവ തങ്ങളുടെ കടമ നിറവേറ്റാൻ മുന്നോട്ടു വരണമെന്നും ഭാവിയിൽ മണിപ്പുരിൽ നിയമവാഴ്ച ഉറപ്പാക്കണമെന്നും ട്രൈബ്യൂണൽ നിർദേശിച്ചു.
അക്രമം, സുരക്ഷാസേനയുടെ പങ്ക്, വിദ്വേഷപ്രസംഗം എന്നിവ അന്വേഷിക്കാൻ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിക്കണം. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പുവരുത്താനായി മണിപ്പുരിനു പുറത്തുനിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന എസ്ഐടി പ്രതിമാസം സുപ്രീംകോടതിയിൽ റിപ്പോർട്ട് ചെയ്യണം. പിയുസിഎൽ റിപ്പോർട്ടിൽ ശിപാർശ ചെയ്തു.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫായിരുന്നു ട്രൈബ്യൂണലിന്റെ അധ്യക്ഷൻ. റിട്ട. ജസ്റ്റീസ് കെ. കണ്ണൻ, റിട്ട. ജസ്റ്റീസ് അഞ്ജന പ്രകാശ്, മുൻ സർക്കാർ ഉദ്യോഗസ്ഥരായ ദേവസഹായം, സ്വരാജ് ബീർ സിംഗ്, ഉമാ ചക്രവർത്തി, വിർജിനിയസ് സാക്സ, മനുഷ്യാവകാശ പ്രവർത്തകരായ മഞ്ജുള പ്രദീപ്, ഹെൻറി ടിഫാഗ്നെ, പത്രപ്രവർത്തകനും എഴുത്തുകാരനുമായ ആകാർ പട്ടേൽ തുടങ്ങിയവർ ട്രൈബ്യൂണലിൽ അംഗങ്ങളായിരുന്നു.
ബിഷ്ണുപുർ, ചുരാചന്ദ്പുർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാക്ചിംഗ്, കാംദ്പൊക്പി, സേനാപതി തുടങ്ങിയ ജില്ലകളിലെ കലാപ ഇരകളുമായും അതിജീവിതരുമായും കൂടിക്കാഴ്ച നടത്തിയ സംഘം ഡൽഹിയിൽ പ്രത്യേക സിറ്റിംഗുകളും നടത്തി. അതിജീവിതരുടെ സാക്ഷിമൊഴികൾ ട്രൈബ്യൂണൽ റെക്കോർഡ് ചെയ്തിട്ടുമുണ്ട്.