എസ്ഐആർ : പ്രതിപക്ഷം വ്യാജ പ്രചാരണം നടത്തുന്നുവെന്ന് ബിജെപി
സ്വന്തം ലേഖകൻ
Monday, August 25, 2025 2:09 AM IST
ന്യൂഡൽഹി: ബിഹാർ വോട്ടർപട്ടിക പരിഷ്കരണത്തിൽ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ) യോഗ്യത തെളിയിക്കാനുള്ള രേഖകൾക്കൊപ്പം ആധാർകാർഡ് ചേർക്കാമെന്ന സുപ്രീംകോടതി ഉത്തരവിനുശേഷവും പ്രതിപക്ഷം എസ്ഐആറിനെതിരേ വ്യാജ പ്രചാരണം തുടരുകയാണെന്ന് ബിജെപി. വോട്ടവകാശം ലഭിക്കുന്നതിന് സാധുവായ രേഖ ഉപയോഗിക്കണമെന്നാണു സുപ്രീംകോടതി പറഞ്ഞതെന്നും ബിജെപി വക്താവ് അമിത് മാളവ്യ വ്യക്തമാക്കി.
തിരിച്ചറിയൽ രേഖയും മേൽവിലാസവും തെളിയിക്കുന്ന ഒരു രേഖ മാത്രമാണ് ആധാർ. അതൊരിക്കലും പൗരത്വം തെളിയിക്കുന്നില്ല. എസ്ഐആറിൽ സാധുവായ രേഖ ഉപയോഗിക്കാമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. എന്നാൽ പ്രതിപക്ഷം ഈ വിഷയത്തിൽ വ്യാജപ്രചാരണം നടത്തുകയാണ്. വോട്ടർപട്ടികയിൽ യോഗ്യത തെളിയിക്കാൻ ആധാർ ഉപയോഗിക്കണമെന്ന ആവശ്യം ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 16 ഉം ആധാർ നിയമവും അർഥശൂന്യമാക്കുന്നു. ആധാർ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് സുപ്രീംകോടതിതന്നെ വ്യക്തമാക്കിയതാണെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി പറയാത്ത പല കാര്യങ്ങളുമാണ് പ്രതിപക്ഷപാർട്ടികൾ ഈ വിഷയത്തിൽ പ്രചരിപ്പിക്കുന്നത്. ആധാർ കൊണ്ടു മാത്രം വോട്ടർപട്ടികയിൽ പേരു ചേർക്കാൻ സാധിക്കില്ല. മരിച്ചുപോയവരുടെയും വ്യാജന്മാരുടെയും പേരുകൾ നീക്കം ചെയ്യും. ബംഗ്ലാദേശികളും റോഹിംഗ്യകളും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെയും പട്ടികയിൽനിന്ന് ഒഴിവാക്കും. വിദേശികൾക്കല്ല ഇന്ത്യൻ പൗരന്മാർക്കു മാത്രമേ രാജ്യത്ത് സർക്കാരുകളെ തെരഞ്ഞെടുക്കാൻ സാധിക്കൂവെന്നും അമിത് മാളവ്യ പറഞ്ഞു.