അനീഷ് ദയാൽ സിംഗ് ദേശീയ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ്
സ്വന്തം ലേഖകൻ
Monday, August 25, 2025 2:09 AM IST
ന്യൂഡൽഹി: ദേശീയ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവായി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥൻ അനീഷ് ദയാൽ സിംഗിനെ നിയമിച്ചു. സിആർപിഎഫ്, ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് എന്നീ അർധസൈനിക വിഭാഗങ്ങളുടെ ഡയറക്ടർ ജനറലായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. മണിപ്പുർ കേഡറിൽനിന്നുള്ള 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം കഴിഞ്ഞ വർഷം ഡിസംബറിലാണ് സർവീസിൽനിന്നു വിരമിച്ചത്.
ജമ്മു കാഷ്മീർ ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷാ കാര്യങ്ങൾ, നക്സൽ വിഷയം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കലാപങ്ങൾ തുടങ്ങിയ ഭീഷണികൾ ഇല്ലാതാക്കുന്നതിൽ സിംഗിന്റെ പരിചയസന്പത്ത് ഗുണം ചെയ്തേക്കാം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനൊപ്പം ദേശീയ സുരക്ഷാകാര്യങ്ങളിൽ തന്ത്രപ്രധാനമായ തീരുമാനങ്ങളും ഉപദേശങ്ങളും സിംഗ് നൽകും.
ഇന്റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് തുടങ്ങിയ മറ്റ് സുരക്ഷാ ഏജൻസികളുമായി അദ്ദേഹം സഹകരിച്ചു പ്രവർത്തിക്കും. ഭീകരവാദം, കലാപം, സൈബർ ഭീഷണികൾ എന്നിവയുൾപ്പെടെ നിരവധി ആഭ്യന്തര സുരക്ഷാ വെല്ലുവിളികൾ രാജ്യം നേരിടുന്ന സാഹചര്യത്തിലാണു പുതിയ നിയമനം.