സ്ത്രീധനം: യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി
Monday, August 25, 2025 2:09 AM IST
ലക്നോ: കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു യുവതിയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ഗ്രേറ്റർ നോയിഡയിലെ സിർസ ഗ്രാമവാസിയായ വിപിൻ ഭാട്ടിയുടെ ഭാര്യ നിക്കി (28)യാണു മരിച്ചത്. സംഭവത്തിൽ വിപിനെയും ഇയാളുടെ അമ്മ ദയാവതിയെയും പോലീസ് അറസ്റ്റ് ചെയ്തു.
അച്ഛൻ സത്വീർ, സഹോദരൻ രോഹിത് എന്നിവർക്കെതിരേയും കേസെടുത്ത പോലീസ് ഇവർക്കായി തെരച്ചിൽ നടത്തിവരികയാണ്. അറസ്റ്റിലായ വിപിൻ ഇന്നലെ ഉച്ചകഴിഞ്ഞു വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ പോലീസ് കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ടോടി. കോൺസ്റ്റബിളിന്റെ തോക്കും തട്ടിപ്പറിച്ചായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് പോലീസ് ഇയാളെ കാലിനു വെടിവച്ച് വീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചു ചികിത്സ നൽകിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
2016ലാണ് ദന്പതികൾ വിവാഹിതരായത്. നിക്കിയുടെ സഹോദരി കാഞ്ചനെയാണ് വിപിന്റെ മൂത്ത സഹോദരനായ രോഹിത് വിവാഹം ചെയ്തത്. സംഭവത്തിനു ദൃക്സാക്ഷിയായ കാഞ്ചന്റെയും നിക്കിയുടെ ആറുവയസുകാരനായ മകന്റെയും മൊഴിപ്രകാരമാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
വിവാഹസമയത്ത് നിക്കിക്കു സ്ത്രീധനമായി എസ്യുവിയും 100 പവൻ സ്വർണാഭരണങ്ങളും നൽകിയെങ്കിലും വിപിൻ പീഡനം തുടരുകയായിരുന്നു. ആദ്യം സ്കോർപ്പിയോ ആവശ്യപ്പെട്ടു. അതു നൽകിയതിനു പിന്നാലെ ബുള്ളറ്റ് ബൈക്ക് ആവശ്യപ്പെട്ടു. അതും നൽകിയതായി നിക്കിയുടെ പിതാവ് ബിക്കാരി സിംഗ് പായ്ല പറഞ്ഞു.
37 ലക്ഷം രൂപയും നിക്കിയുടെ അച്ഛൻ അടുത്തിടെ വാങ്ങിയ മെഴ്സഡസ് കാറും വേണമെന്നു പറഞ്ഞാണ് വിപിൻ വീണ്ടും പീഡനം തുടർന്നത്. വ്യാഴാഴ്ച രാത്രിയിലാണ് വിപിൻ ഭാര്യയെ ക്രൂരമായി മർദിക്കുകയും അബോധാവസ്ഥയിലായ ഭാര്യയെ പെട്രോൾ ഒഴിച്ചു കത്തിക്കുകയും ചെയ്തത്. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിക്കി വെള്ളിയാഴ്ച രാത്രിയിലാണു മരിച്ചത്.
സംഭവസമയത്തു താൻ തൊട്ടടുത്തുണ്ടായിരുന്നുവെന്നും എന്നാൽ സഹോദരിയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്നും കാഞ്ചൻ വെളിപ്പെടുത്തി. മമ്മിയുടെ ദേഹത്ത് പപ്പാ എന്തോ ഒഴിച്ചുവെന്നും പിന്നീട് ലൈറ്ററുകൊണ്ട് തീവച്ചെന്നും ആറുവയസുകാരനായ മകൻ പോലീസിനോട് പറഞ്ഞു. സംഭവത്തിന്റെ സിസിടിവിദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.