ഗര്‍ഭിണിയെ കൊന്ന് കഷണങ്ങളാക്കിയ ഭർത്താവ് അറസ്റ്റിൽ
Monday, August 25, 2025 2:09 AM IST
ഹൈദരാബാദ്: ഗര്‍ഭിണിയെ കൊന്ന് ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി നദിയില്‍ എറിഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍. ശനിയാഴ്ച വൈകുന്നേരം 4.30 ഓടെയാണു സംഭവം. സ്വകാര്യ കമ്പനിയിലെ ഡ്രൈവറായ പ്രതിയും യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു.
കഴിഞ്ഞ വര്‍ഷം ഇരുവരും വിവാഹം ചെയ്തു. വിവാഹശേഷം ഹൈദരാബാദിലേക്ക് താമസം മാറിയ ഇവര്‍ ബോഡുപ്പാലില്‍ വാടകവീട്ടിലായിരുന്നു താമസം. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഇതിനിടെ യുവതി മാര്‍ച്ചില്‍ ഗര്‍ഭിണിയായി. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തർക്കത്തിനിടെ യുവതി ഇയാളെ അപമാനിക്കുന്ന വിധത്തില്‍ സംസാരിച്ചു. തുടര്‍ന്ന് പ്രതി യുവതിയെ കൊലപ്പെടുത്തി ശരീരം കഷണങ്ങളാക്കി മൂസി നദിയില്‍ എറിയുകയായിരുന്നു. പിന്നീട് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഇയാള്‍ പോലീസില്‍ പരാതി നല്കി. സംശയംതോന്നിയ പോലീസ് ഇയാളെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് കൊലപാതകം പുറത്തുവന്നത്. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.