ജമാ അത്തെ ഇസ്ലാമിയുടെ 215 സ്കൂളുകള്‍ ജമ്മു കാഷ്മീർ സര്‍ക്കാര്‍ ഏറ്റെടുത്തു
Sunday, August 24, 2025 2:13 AM IST
ശ്രീനഗർ: നിരോധിത സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെയും പോഷകസംഘടനയായ ഫലാ ഇ ആം ട്രസ്റ്റിന്റെയും കീഴിലുള്ള 215 സ്കൂളുകളുടെ നിയന്ത്രണം ജമ്മു കാഷ്മീര്‍ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു.
പത്തു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലായി 51,000 വിദ്യാര്‍ഥികളാണു പഠിക്കുന്നത്. തീർത്തും സമാധാനപരമായി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കാത്ത രീതിയിലായിരുന്നു ഏറ്റെടുക്കൽ നടപടികളെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സർക്കാർ നടപടിയെ പിഡിപി ഉൾപ്പെടെയുള്ള കക്ഷികൾ രൂക്ഷമായി വിമർശിച്ചു. ബിജെപി അജൻഡ നടപ്പാക്കാനാണ് സ്കൂളുകൾ ഏറ്റെടുത്തതെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി. പതിവു വിദ്യാഭ്യാസത്തിനൊപ്പം ഇസ്ലാമിക പഠനത്തിനും ഈ സ്കൂളുകളിൽ സൗകര്യമുണ്ടായിരുന്നുവെന്ന് മെഹബൂബ കുറ്റപ്പെടുത്തി. ജസ്റ്റീസ് ആൻഡ് ഡെവലപ്മെന്റ് ഫ്രണ്ട്, പീപ്പിൾസ് കോൺഫറൻസ് തുടങ്ങിയ കക്ഷികളും സർക്കാർ തീരുമാനത്തെ വിമർശിച്ചു.
അതേസമയം, സ്കൂളുകളുടെ മാനേജിംഗ് കമ്മിറ്റികളുടെ കാലാവധി അവസാനിച്ചതിനാലാണു സർക്കാർ താത്കാലികമായി ഏറ്റെടുത്തതെന്നും ഡെപ്യൂട്ടി കമ്മീഷണർമാരല്ല ക്ലസ്റ്റർ പ്രിൻസിപ്പൽമാരായിരിക്കും സ്കൂളുകളുടെ മേൽനോട്ടം വഹിക്കുകയെന്നും വിദ്യാഭ്യാസമന്ത്രി സാകിന ഇത്തു അറിയിച്ചു.
മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാനും സിഐഡി വെരിഫിക്കേഷൻ നടത്താനും മൂന്നു മാസം മാത്രമേ സ്കൂളുകളുടെ ചുമതല സർക്കാർ വഹിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.