ബിഹാർ വോട്ടർപട്ടിക പരിഷ്കരണം: 98 ശതമാനം വോട്ടർമാരുടെ രേഖകൾ ലഭിച്ചെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ
Monday, August 25, 2025 2:24 AM IST
ന്യൂഡൽഹി: ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 98.2 ശതമാനം വോട്ടർമാരുടെയും രേഖകൾ ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.
വോട്ടർപട്ടികയിൽ ഇടം ലഭിക്കുന്നതിനുള്ള യോഗ്യത തെളിയിക്കാൻ കമ്മീഷൻ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാത്തവർക്ക് അതു സമർപ്പിക്കുന്നതിനുള്ള അവസരം സെപ്റ്റംബർ ഒന്നുവരെ നൽകിയിരുന്നു. നിശ്ചയിച്ച സമയപരിധിക്ക് ഒരാഴ്ചകൂടി ബാക്കിയുള്ളപ്പോൾ കരട് വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരിൽ രണ്ടു ശതമാനം വോട്ടർമാർ മാത്രമേ രേഖകൾ സമർപ്പിക്കാൻ ബാക്കിയുള്ളൂവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
രേഖകൾ സമർപ്പിക്കുന്നതിനൊപ്പം കരട് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് വോട്ടർമാർക്കും രാഷ്ട്രീയപാർട്ടികൾക്കും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിന് സെപ്റ്റംബർ ഒന്നുവരെ കമ്മീഷൻ അവസരം നൽകിയിരുന്നു. അതുവരെ ഉണ്ടാകുന്ന എല്ലാ അവകാശവാദങ്ങളും രേഖകളുടെ സൂഷ്മപരിശോധനയും ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോ അസി. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരോ സെപ്റ്റംബർ 25നുള്ളിൽ പരിശോധിച്ച് അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 30ന് പുറത്തിറക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിലുള്ള 7.24 കോടി വോട്ടർമാരിൽ 0.16 ശതമാനം പേരിൽനിന്നു മാത്രമേ അവകാശവാദങ്ങളും എതിർപ്പുകളും ലഭിച്ചിട്ടുള്ളൂ. ബിഹാറിൽ അംഗീകാരമുള്ള 12 രാഷ്ട്രീയപാർട്ടികളിൽനിന്നു ലഭിച്ചത് പത്തു പരാതികളാണ്. വിവിധ നിയമസഭാ മണ്ഡലങ്ങളിൽനിന്ന് 1,21,143 വോട്ടർമാർ അവകാശവാദങ്ങൾ ഉന്നയിച്ചതായും കമ്മീഷൻ വ്യക്തമാക്കി.