ഗണഗീതം ആലപിച്ച ശിവകുമാർ മാപ്പു പറയണമെന്ന് കോൺഗ്രസ് എംഎൽസി
Tuesday, August 26, 2025 1:51 AM IST
ബംഗളൂരു: കർണാടക നിയമസഭയിൽ ആർഎസ്എസിന്റെ ഗണഗീതം ആലപിച്ച ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരസ്യമായി മാപ്പുപറയണമെന്ന് കോൺഗ്രസ് എംഎൽസി ബി.കെ. ഹരിപ്രസാദ്. എന്നാൽ, ഗണഗീതം ആലപിച്ചതുകൊണ്ട് ശിവകുമാർ ബിജെപിയിൽ ചേരുമെന്ന് അർഥമില്ലെന്ന് മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയിൽ മൂന്നു തവണ നിരോധനമേർപ്പെടുത്തിയ ആർഎസ്എസിന്റെ ഗണഗീതം ആലപിച്ചതുവഴി സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻകൂടിയായ അദ്ദേഹം ആരെ പ്രീതിപ്പെടുത്താനാണു ശ്രമിച്ചതെന്നു വ്യക്തമാക്കണമെന്ന് ഹരിപ്രസാദ് ഡൽഹിയിൽ പറഞ്ഞു.
ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കാനിടയായ സംഭവം പരാമർശിക്കവേയാണ് ഓഗസ്റ്റ് 21ന് ഡി.കെ. ശിവകുമാർ ആർഎസ്എസിന്റെ ഗണഗീതത്തിന്റെ ആദ്യവരികൾ ആലപിച്ചത്.
പാർട്ടിയുടെ ആശയം ആരും അടിയറവു വയ്ക്കരുത്. അത് ആർഎസ്എസുമായി ചേരില്ലെന്നും ഹരിപ്രസാദ് കൂട്ടിച്ചേർത്തു.