ആദ്യ ബഹിരാകാശ യാത്രികൻ ഹനുമാനാണെന്ന് ബിജെപി നേതാവ്
Tuesday, August 26, 2025 1:51 AM IST
ന്യൂഡൽഹി: ആദ്യമായി ബഹിരാകാശ യാത്ര നടത്തിയത് ഹനുമാനാണെന്ന് മുൻ കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ.
ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് ഹിമാചൽപ്രദേശിലെ ഉന ജവഹർ നവോദയ വിദ്യാലയത്തിലെ വിദ്യാർഥികളുമായി സംവദിക്കവേയായിരുന്നു ബിജെപി എംപിയുടെ വിചിത്ര വാദം.
ആരാണ് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയതെന്ന അനുരാഗ് ഠാക്കൂറിന്റെ ചോദ്യത്തിന് നീൽ ആംസ്ട്രോംഗ് എന്നായിരുന്നു വിദ്യാർഥികളുടെ മറുപടി. എന്നാൽ, ഹനുമാൻ ജിയാണ് ബഹിരാകാശത്തേക്ക് ആദ്യയാത്ര നടത്തിയതെന്ന് ഞാൻ കരുതുന്നുവെന്ന് കുട്ടികളെ അദ്ദേഹം തിരുത്തി.
ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്കപ്പുറം നോക്കണമെന്നും മന്ത്രി അധ്യാപകരെയും വിദ്യാർഥികളെയും ഉപദേശിച്ചു. “ടെക്സ്റ്റ് പുസ്തകങ്ങൾ ബ്രിട്ടീഷുകാർ നൽകിയതാണ്. അധ്യാപകർ നമ്മുടെ വേദങ്ങളും പുസ്തകങ്ങളും അറിവുകളും നോക്കണം.
അപ്പോൾ നിങ്ങൾക്ക് പുതിയ അറിവുകളിലേക്ക് സഞ്ചരിക്കാം. ഇല്ലെങ്കിൽ ബ്രിട്ടീഷുകാർ എഴുതിയതുതന്നെ വായിക്കപ്പെടും”-അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സമൂഹമാധ്യമ പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് രാജ്യം ഏറെ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കെയാണു ബിജെപി നേതാവിന്റെ വിചിത്ര പരാമർശങ്ങൾ.
1961ൽ റഷ്യക്കാരനായ യൂറി ഗഗാറിനാണ് ബഹിരാകാശ യാത്ര നടത്തിയ ആദ്യ മനുഷ്യൻ. ചന്ദ്രനിൽ കാലുകുത്തിയ ആദ്യമനുഷ്യനാണ് നീൽ ആംസ്ട്രോംഗ്.
മുൻ കേന്ദ്രമന്ത്രിയുടെ ചോദ്യത്തിനു തെറ്റായ ഉത്തരം നൽകിയ വിദ്യാർഥികളെ വീണ്ടും തെറ്റിലേക്കു നയിച്ച അനുരാഗ് സിംഗ് ഠാക്കൂറിന്റെ നടപടിക്കെതിരേ വിമർശനമുയർന്നു.
അറിവിനെയും ശാസ്ത്രചിന്ത്രകളെയും അപമാനിക്കുന്നതും കുട്ടികളെ തെറ്റായ വഴിയിലേക്കു നയിക്കുന്നതുമാണ് ലോക്സഭാംഗമായ മുൻ മന്ത്രിയുടെ നടപടിയെന്ന് ഡിഎംകെ നേതാവും എംപിയുമായ കനിമൊഴി പറഞ്ഞു. ശാസ്ത്രമെന്നതു പുരാണമല്ല.
കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് വിജ്ഞാനത്തെ അപമാനിക്കലാണ്. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനമാണെന്നും ശാസ്ത്രീയ മനോഭാവം വളര്‍ത്തണമെന്ന തത്വത്തെ അവഹേളിക്കലാണെന്നും കനിമൊഴി എക്സിൽ കുറിച്ചു.