സിയാലിന് വിവരാവകാശ നിയമം ബാധകം; ഉത്തരവിനു സ്റ്റേ
Tuesday, August 26, 2025 1:51 AM IST
ന്യൂഡൽഹി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) വിവരാവകാശ നിയമത്തിനു കീഴിൽ വരുമെന്ന കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. കന്പനി നിയമത്തിന്റെ അടിസ്ഥാനത്തിലാണു വിമാനത്താവളം നിർമിച്ചത്.
എൽഐസി പോലുള്ള പാർലമെന്റ് നിയമപ്രകാരമല്ല സിയാൽ രൂപീകരിച്ചിരിക്കുന്നതെന്നും സർക്കാർ ധനസഹായം ലഭിക്കുന്നില്ലെന്നും സിയാൽ അഭിഭാഷകൻ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ജസ്റ്റീസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
ഹൈക്കോടതി ജസ്റ്റീസുമാരായ എസ്.എ. ധർമാധികാരി, വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിയാൽ ഒരു പൊതുസ്ഥാപനമാണെന്നും വിവരാവകാശ നിയമത്തിനു കീഴിൽ വരുമെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ചത്. വിവരാവകാശ നിയമം പൂർണമായും പാലിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
സിയാൽ ഡയറക്ടർ ബോർഡിന്റെ അംഗീകാരമില്ലാതെയാണു മാനേജിംഗ് ഡയറക്ടർ അപ്പീൽ സമർപ്പിച്ചതെന്നും ചെയർമാനായ മുഖ്യമന്ത്രിയോടുപോലും കൂടിയാലോചിച്ചിട്ടില്ലെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.