മൈസൂരു ദസറ ആഘോഷം; ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യുന്നതിനെതിരേ ബിജെപി
Tuesday, August 26, 2025 1:51 AM IST
ബംഗളൂരു: മൈസൂരുവിലെ ഈ വർഷത്തെ ദസറ ആഘോഷങ്ങൾ വിവാദമാകുന്നു. ദസറ ഉദ്ഘാടനം ചെയ്യാൻ ബുക്കർ പ്രൈസ് ജേതാവും ആക്ടിവിസ്റ്റുമായ ബാനു മുഷ്താഖിനെ ക്ഷണിച്ച കർണാടക സർക്കാർ തീരുമാനത്തിനെതിരേ മുതിർന്ന ബിജെപി നേതാക്കളും അടുത്തിടെ ബിജെപി പുറത്താക്കിയ എംഎൽഎയും ഇന്നലെ രംഗത്തെത്തി.
വിശ്വാസിയല്ലാത്ത ഒരാളെക്കൊണ്ട് മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അനുചിതമാണെന്ന് മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സി.ടി. രവി പറഞ്ഞു.
അവർക്ക് സാഹിത്യപരിപാടികൾക്ക് ആധ്യക്ഷ്യം വഹിക്കാം. പക്ഷേ, ദസറ ആഘോഷത്തിന് അതുപറ്റില്ലെന്ന് മൈസൂരു ബിജെപി മുൻ എംപി പ്രതാപ് സിംഹ പറഞ്ഞു. ഭാനു മുഷ്താഖിന്റെ നേട്ടത്തിൽ അവരെ ആദരിക്കുന്നു.
അഖിലഭാരത കന്നഡ സാഹിത്യ സമ്മേളനത്തിൽ അവർ ആധ്യക്ഷ്യം വഹിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ദസറയ്ക്ക് അതു പാടില്ല. ദേവി ചാമുണ്ഡേശ്വരിക്ക് പൂജ അർപ്പിച്ചശേഷമാണ് ദസറ ആഘോഷം ആരംഭിക്കുന്നത്. ദേവിയിൽ അവർക്കു വിശ്വാസമുണ്ടോ? അതാണു നോക്കേണ്ടതെന്ന് പ്രതാപ് സിൻഹ പറഞ്ഞു.
ബാനു മുഷ്താഖിന്റെ മതപരമായ വിശ്വാസവുമായി ചേർന്നുപോകുന്നതല്ല ചാമുണ്ഡേശ്വരി പൂജ എന്നാണ് തന്റെ അഭിപ്രായമെന്നും ദസറയിൽനിന്ന് അവരെ മാറ്റിനിർത്തണമെന്നും ബിജെപിയിൽനിന്നു പുറത്താക്കപ്പെട്ട, വിജയപുര എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാൽ പറഞ്ഞു.