പാക്കിസ്ഥാന് താവി നദിയിലെ പ്രളയമുന്നറിയിപ്പ് നൽകി ഇന്ത്യ
Tuesday, August 26, 2025 1:51 AM IST
ന്യൂഡൽഹി: സിന്ധു നദീജല കരാർ താത്കാലികമായി മരവിപ്പിച്ചെങ്കിലും ജമ്മുവിലെ താവി നദിയിലെ വെള്ളപ്പൊക്ക സാധ്യതയെക്കുറിച്ച് പാക്കിസ്ഥാന് മുന്നറിയിപ്പു നൽകി ഇന്ത്യ.
ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും പ്രളയസമാന സാഹചര്യം നിലനിൽക്കുന്നതിനാൽ താവി നദിയിലടക്കം വെള്ളപ്പൊക്കമുണ്ടാകുമെന്ന മുന്നറിയിപ്പ് കേന്ദ്ര ജലശക്തി മന്ത്രാലയം പാക് വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയുടെ നിർദേശത്തെത്തുടർന്ന് ചില മേഖലകളിൽ ജനങ്ങൾക്കു പാക്കിസ്ഥാൻ സർക്കാർ മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുകളുണ്ട്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിനുശേഷം ആദ്യമായുള്ള ഇടപെടലാണിത്. സംഘർഷം രൂക്ഷമായിരുന്ന സമയത്ത് ഇന്ത്യ ഇത്തരം മുന്നറിയിപ്പുകളൊന്നും പാക്കിസ്ഥാനു നൽകിയിരുന്നില്ല.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ ഉണ്ടായിരുന്ന സമയത്ത് അണക്കെട്ടുകളുടെ ഷട്ടർ തുറന്നപ്പോഴും ഇന്ത്യ ഒരു അറിയിപ്പും പാക്കിസ്ഥാൻ കൈമാറിയിരുന്നില്ല. കരാർ മരവിപ്പിച്ചതിനെത്തുടർന്നായിരുന്നു ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിച്ചത്.
1960ലെ സിന്ധു നദീജല കരാർ പ്രകാരം ഇരു രാജ്യങ്ങളിലെയും ജല കമ്മീഷണർമാർ വഴിയാണ് ഇത്തരം വിവരങ്ങൾ കൈമാറേണ്ടത്. കരാർ താത്കാലികമായി മരവിപ്പിച്ച സാഹചര്യത്തിലാകണം പാക് വിദേശകാര്യ മന്ത്രാലയത്തിന് മുന്നറിയിപ്പ് കൈമാറിയതെന്നാണു സൂചന. എന്നാൽ ഇക്കാര്യത്തിൽ ഇരു രാജ്യങ്ങളും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.
അതേസമയം, പാക്കിസ്ഥാന്റെ മിക്ക പ്രദേശങ്ങളിലും പ്രളയക്കെടുതി തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരവധിപ്പേർ മരിച്ചതായും പാക്കിസ്ഥാനിലെ ദേശീയ ദുരന്തനിവാരണ അഥോറിറ്റിയെ ഉദ്ധരിച്ച് വാർത്തകളുണ്ട്. ജമ്മു കാഷ്മീരിലെ മിക്ക നദികളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
സിന്ധു നദീതടത്തിലെ ഝലം, രവി, താവി നദികളിലെയും അവയുടെ പോഷകനദികളിലെയും ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കാൻ ജമ്മു കാഷ്മീർ ജലശക്തി മന്ത്രി ജാവേദ് അഹമ്മദ് റാണ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.